Connect with us

National

സമയപരിധി അവസാനിച്ചു; കാശ്മീരില്‍ മന്ത്രിസഭാ രൂപവത്കരണം വൈകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചു. ബി ജെ പിയുമായി ചേര്‍ന്ന് പി ഡി പി സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സമയപരിധി അവസാനിച്ചപ്പോഴും അതിനുള്ള ധാരണ ഉണ്ടാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസം മുമ്പ് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ബി ജെ പിയുമായുണ്ടായ ആശയ വിനിമയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ പി ഡി പിക്ക് കഴിഞ്ഞിട്ടില്ല. ബി ജെ പിയുമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി. എന്നാല്‍, ബി ജെ പിയില്‍ നിന്ന് ചില കാര്യങ്ങളില്‍ ഉറപ്പുകള്‍ ലഭിക്കാനുണ്ട്. ആ ഉറപ്പ് ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകുമെന്ന് പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.
ഇരു പാര്‍ട്ടികളും ഒരു പൊതു മിനിമം പരിപാടിയില്‍ എത്തുന്നതോടൊപ്പം ആര്‍ട്ടിക്കിള്‍ 370, സ്‌പെഷ്യല്‍ ആര്‍മ്ഡ് ഫോഴ്‌സ് (പ്രത്യേകാധികാരം) ആക്ട്- അഫ്‌സ്പ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ ബി ജെ പിയുടെ നിലപാടിലെ വ്യക്തത കൂടി പി ഡി പി പ്രതീക്ഷിക്കുന്നുണ്ട്.
പി ഡി പിയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് പിന്തുണക്കാമെന്ന നാഷനല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം പാര്‍ട്ടി നേരത്തെ തള്ളിയിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സിന് എതിരായാണ് ജനങ്ങള്‍ വിധിയെഴുതിയിട്ടുള്ളത്. അതുകൊണ്ട് അവര്‍ സര്‍ക്കാറുണ്ടാക്കാന്‍ നോക്കേണ്ടെന്ന് പി ഡി പി വക്താവ് നയീം അക്തര്‍ പ്രതികരിച്ചു.
അതിനിടെ, ബി ജെ പിയെ കൂടാതെ ജമ്മുകാശ്മീരില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു. ഇപ്പൊഴത്തെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പി നേതൃത്വം കൊടുക്കുന്നില്ല. എന്നാല്‍, ബി ജെ പിയെ മാറ്റിനിര്‍ത്തി സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകുമെന്ന് ആരും കരുതേണ്ടെന്നും ഷാ പറഞ്ഞു.
അതേസമയം, അടുത്ത മാസം ഏഴിന് സംസ്ഥാന അസംബ്ലിയില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനായി പി ഡി പിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് നയീം അക്തര്‍ പറഞ്ഞു.
ഡിസംബറില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. 28 സീറ്റുകള്‍ നേടി പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 87 അംഗ അസംബ്ലിയില്‍ 25 സീറ്റ് നേടിയ ബി ജെ പിയാണ് രണ്ടാമത്തെ വലിയ കക്ഷി. നാഷനല്‍ കോണ്‍ഫറന്‍സ്- 15, കോണ്‍ഗ്രസ്- 12 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റുകള്‍. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ഉമര്‍ അബ്ദുല്ലയുടെ ആവശ്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ മാസം എട്ട് മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Latest