Connect with us

National

ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് വാണിജ്യ ബേങ്കുകള്‍ക്ക് നല്‍കുന്ന വായ്പമേല്‍ ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ നിരക്ക് കുറച്ചു. ഇതോടെ ഭവന വായ്പകള്‍ക്കും വാഹന വായ്പക്കും മറ്റും പലിശ നിരക്ക് കുറയും. 0. 25 ശതമാനമാണ് റിപ്പോ നിരക്ക് കുറച്ചത്. നേരത്തേ എട്ട് ശതമാനമായിരുന്നു. ഇപ്പോള്‍ 7.75 ശതമാനമായി. വായ്പാ അവലോകനത്തിന് കാത്ത് നില്‍ക്കാതെയാണ് ആര്‍ ബി ഐയുടെ അപ്രതീക്ഷിത നടപടി.
ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ കുറയുന്നതിന്റെയും രാജ്യത്തെ വിലക്കയറ്റത്തെ അത് തടഞ്ഞു നിര്‍ത്തുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് സാമ്പത്തിക മേഖലക്ക് സന്തോഷം പകരുന്ന തീരുമാനം റിസര്‍വ് ബേങ്ക് കൈകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് പണപ്പെരുപ്പത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വരും ദിനങ്ങളില്‍ കാണേണ്ടതാണ്. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന കണക്കുകൂട്ടലാണ് സര്‍ക്കാറിനും പണ അധികാരികള്‍ക്കുമുള്ളത്.
അതേസമയം, എട്ട് മാസത്തിനിടെ ആദ്യമായി ഒറ്റ ദിവസം കൊണ്ട് സെന്‍സെക്‌സ് സൂചിക 2.5 ശതമാനം നേട്ടമുണ്ടാക്കി. റിസര്‍വ് ബേങ്ക് അപ്രതീക്ഷിതമായി റിപ്പോ നിരക്ക് കുറച്ചതാണ് വിപണി കുതിച്ചുയരാനിടയാക്കിയത്. 728.73 പോയന്റ് ഉയര്‍ന്ന് 28,194.61ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടക്ക് 848 പോയിന്റ് വരെ സൂചിക ഉയര്‍ന്നിരുന്നു. 216 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 8494.61ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബേങ്കിംഗ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എച്ച് ഡി എഫ് സി ബേങ്ക്, എല്‍ ആന്‍ഡ് ടി, ഐ സി ഐ സി ഐ ബേങ്ക്, എസ് ബി ഐ, എം ആന്‍ഡ് എം, ടാറ്റ പവര്‍ തുടങ്ങിയവയായിരുന്നു സെന്‍സെക്‌സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.
2013 മെയ്ക്കു ശേഷം ഇതാദ്യമായാണ് ആര്‍ ബി ഐ റിപ്പോ നിരക്കുകള്‍ കുറക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുകയായിരുന്നെങ്കിലും ആര്‍ ബി ഐ ബേങ്ക് നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നില്ല. പണപ്പെരുപ്പ നിരക്ക് സ്ഥിരതയാര്‍ജിക്കാനാണ് കാത്തിരുന്നത്. അപ്രതീക്ഷിതമായാണ് ഇന്നലെ രാവിലെ ആര്‍ ബി ഐയുടെ വിജ്ഞാപനം വന്നത്. ഫെബ്രുവരി മൂന്നിനാണ് ആര്‍ ബി ഐയുടെ അടുത്ത അവലോകന നയം പ്രഖ്യാപിക്കാനിരിക്കുന്നത്.

Latest