National
സുനന്ദ മരിച്ച ദിവസത്തെ തരൂറിന്റെ നീക്കങ്ങള്‍ അന്വേഷിക്കുന്നു
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതക ദിവസം ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ പോലീസ് അന്വേഷിക്കുന്നു. സുനന്ദയുടെ മരണത്തിന് മുമ്പുള്ള തരൂരിന്റെ ഫോണ്‍ സംഭാഷണങ്ങളും, കൂടിക്കാഴ്ചകളും തരൂര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും മറ്റുമാണ് പോലീസ് അന്വേഷിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ പേഴ്സനല്‍ സുരക്ഷാ ഓഫീസറെയും സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ ലീല ഹോട്ടല്‍ മാനേജറെയും ചോദ്യം ചെയ്യും. ഹോട്ടലില്‍ സംഭവ ദിവസവും അതിന് തൊട്ടടുത്ത ദിവസങ്ങളിലും സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചോദ്യംചെയ്യല്‍ എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലുള്ള തരൂര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നിരവധി സാക്ഷികളെ ഇതിനകം തന്നെ പോലീസ് വിസ്തരിച്ചു. സുനന്ദയെ നന്നായി അറിയാവുന്ന ആരെങ്കിലും അവരെ വിഷം കുത്തിവെച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.