Connect with us

International

എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ ഭാഗം കടലിനടിയില്‍ നിന്ന് ഉയര്‍ത്തി

Published

|

Last Updated

ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ ഭാഗം കടലിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ത്തി. കടലില്‍ പതിച്ച് രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴാണ് തിരച്ചിലില്‍ നിര്‍ണായകമായ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. വിമാന ദുരന്തത്തിനെ തുടര്‍ന്ന് യാത്രക്കാരായ 162 പേരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28നാണ് എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നുവീണിരുന്നത്.
അതേസമയം, കടലില്‍ നിന്ന് ഉപരിതലത്തിലേക്ക് ഉയര്‍ത്തിയ വിമാനത്തിന്റെ വാല്‍ ഭാഗത്ത് ബ്ലാക് ബോക്‌സ് ഉണ്ടോ എന്ന കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല. വിമാനം കടലിലേക്ക് തകര്‍ന്നുവീണപ്പോള്‍ ഈ ഭാഗം വേര്‍പ്പെട്ടിരിക്കാനും സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 30 മീറ്റര്‍ താഴ്ചയിലാണ് വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയിരുന്നത്.
ഇതിനെ തുടര്‍ന്ന് സുരക്ഷാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന കപ്പലിലേക്ക് ക്രെയിന്‍ ഉപയോഗിച്ച് ഇതിനെ വലിച്ചുകയറ്റുകയായിരുന്നു. വാല്‍ഭാഗം ഉണ്ടായിരുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറി ബ്ലാക് ബോക്‌സില്‍ നിന്നുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ബ്ലാക് ബോക്‌സില്‍ നിന്നു തന്നെയുള്ളതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. മറ്റേതെങ്കിലും വസ്തുക്കളില്‍ നിന്നുള്ള സിഗ്നലുകളാകാനും സാധ്യതയുണ്ടെന്ന് തിരച്ചില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സന്ദേശം ലഭിച്ചുവെന്ന് പറയപ്പെടുന്ന ഭാഗത്ത് മെറ്റലു പോലോത്ത ഒന്നും കണ്ടെത്തിയിട്ടില്ല.
വളരെ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദൗത്യം പലപ്പോഴും പ്രയാസകരമായിരുന്നെങ്കിലും വാല്‍ ഭാഗം കണ്ടെത്താനായത് വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം തിരച്ചിലിനിടെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും സീറ്റിനോട് ബന്ധിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇതോടെ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായി.

Latest