Connect with us

Kozhikode

ജില്ലാ പഞ്ചായത്ത് വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. സംസ്ഥാന കേരളോത്സവത്തില്‍ നാല് വര്‍ഷം തുടര്‍ച്ചയായി കലാപ്രതിഭ പട്ടം അലങ്കരിച്ച അനൂപിനെ അനുമോദിക്കലും പ്രൈമറി സ്‌കൂളുകള്‍ക്ക് പ്രൊജക്ടര്‍ വിതരണവും എ പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖ എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ പ്രഭാഷണം നടത്തും.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ഗ്രാമസഭ 12ന് രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. തുടങ്ങിവെച്ച പ്രവൃത്തികളുടെ പൂര്‍ത്തീകരണം, പുതിയ പ്രവൃത്തികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നാടിന് സമര്‍പ്പിക്കല്‍, അധികാര വികേന്ദ്രീകരണം സംബന്ധിച്ച് സെമിനാര്‍ തുടങ്ങിയ പരിപാടികളാണ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 128 കോടി 54 ലക്ഷം രൂപ ഫണ്ട് കിട്ടിയതില്‍ 57 കോടി 89 ലക്ഷം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ഐ എ വൈ പദ്ധതിയില്‍ മാത്രം ഭവന നിര്‍മാണ പൂര്‍ത്തീകരണത്തിന് എട്ട് കോടിയില്‍പരം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പേരാമ്പ്ര വനിതാ ഹോസ്റ്റലിന്റെ നവീകരണത്തിനും വിപുലീകരണത്തിനും 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിവരികയാണെന്നും അവര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വൈസ് പ്രസിഡന്റ് ആര്‍ ശശി, പി ജി ജോര്‍ജ് മാസ്റ്റര്‍, വി ഡി ജോസഫ്, എം സലീം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest