Connect with us

Kasargod

ചൂതാട്ട മാഫിയാ സംഘങ്ങളുടെ കെണിയില്‍ സ്ത്രീകളും

Published

|

Last Updated

കാഞ്ഞങ്ങാട്: അജാനൂര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ട മാഫിയാ സംഘങ്ങളുടെ കെണിയില്‍ സ്ത്രീകളും അകപ്പെട്ടു. ഇതോടെ ചൂതാട്ട സംഘം വലിയൊരു വിപത്തായി മാറിയിരിക്കുകയാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പുല്ലൂര്‍ ടൗണ്‍, കരക്ക കുണ്ട് , പൊള്ളക്കട, കേളോത്ത് ഭാഗങ്ങളിലാണ് ചൂതാട്ടസംഘം സജീവമായിരിക്കുന്നത്. ചെങ്കല്‍- കരിങ്കല്‍ ക്വാറികളിലേക്ക് വരെ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകഴിഞ്ഞു.
ചൂതാട്ട സംഘത്തിന്റെ വലയില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. ജോലി ചെയ്ത് കിട്ടുന്ന പണത്തില്‍ ഏറെയും ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിനുവേണ്ടി ചിലവഴിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ കടബാധ്യതയില്‍ അകപ്പെട്ടുകഴിഞ്ഞു. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് പലരും ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ പങ്കെടുക്കുന്നത്. പണം നഷ്ടപ്പെട്ട യുവാക്കളില്‍ ചിലര്‍ ആത്മഹത്യയുടെ വക്കിലാണ്. അജാനൂര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ മത്സ്യവില്‍പ്പനക്കാരികളായ സ്ത്രീകള്‍ അടക്കമുള്ളവര്‍ പലും ഒറ്റനമ്പര്‍ ലോട്ടറി സംഘത്തിന്റെ ചതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്നുണ്ട്. പുല്ലൂരിലെ ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ ദൂരപ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിച്ചേരുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടും മാഫിയാസംഘങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല.

Latest