Connect with us

International

നാറ്റോയുടെ പിന്മാറ്റം പരാജയത്തെ തുടര്‍ന്ന്: താലിബാന്‍

Published

|

Last Updated

കാബൂള്‍ : അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സംഘം അഫ്ഗാനിസ്ഥാനില്‍ കാട്ടിക്കൂട്ടിയത് കാടത്തവും ക്രൂരതയുമാണെന്നും ഇത് രാജ്യത്തെ രക്തരൂഷിതമാക്കിയെന്നും താലിബാന്‍. നാറ്റോ സംഘം അഫ്ഗാനിസ്ഥാനില്‍ ഔദ്യോഗികമായി യുദ്ധം അവസാനിപ്പിക്കവെയാണ് നാറ്റോയെ രൂക്ഷമായി വിമര്‍ശിച്ച് താലിബാന്‍ രംഗത്തെത്തിയിരിക്കുന്നത്. നാറ്റോ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാബൂളില്‍ നടന്ന ചടങ്ങിന് പിറകെയാണ് താലിബാന്‍ ഇംഗഌഷില്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. നാറ്റോയുടെ ഈ നീക്കം അവരുടെ പരാജയവും നിരാശയും കൃത്യമായി സൂചിപ്പിക്കുന്നുണ്ടെന്നും അമേരിക്കക്കും അവര്‍ക്കൊപ്പമുള്ള അഹങ്കാരികളായ അന്താരാഷ്ട്ര സംഘത്തിനും അസന്തുലിതമായ യുദ്ധത്തില്‍ പൂര്‍ണ പരാജയമാണ് സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. പതിമൂന്ന് വര്‍ഷക്കാലമാണ് നാറ്റോ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദവിരുദ്ധ പോരാട്ടം നടത്തിയത്. അതേസമയം ഈ വര്‍ഷം എകദേശം പതിനായിരത്തോളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് താലിബാന്‍ ആക്രമണത്തിലാണ്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ രാജ്യത്ത് നേരിട്ടുള്ള യുദ്ധം അവസാനിപ്പിക്കുന്ന നാറ്റോ 12,500 സൈനികരെ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തും. താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി പറഞ്ഞിട്ടുണ്ടെങ്കിലും സൈനിക വേഷത്തിലുള്ള അവസാനത്തെ വിദേശിയും രാജ്യംവിടുംവരെ പോരാട്ടം തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest