Connect with us

Malappuram

മാവോയിസ്റ്റ് വേട്ട: പോലീസില്‍ അതൃപ്തി പുകയുന്നു

Published

|

Last Updated

മലപ്പുറം;വനമേഖലയിലെ മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ മതിയായ സംവിധാനങ്ങളോടെ ആവശ്യമായ സേനയെ വിന്യസിക്കാത്തത് പോലീസില്‍ അതൃപ്തിക്കിടയാക്കുന്നു. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാവോയിസ്റ്റുകളെ കണ്ടുവെന്നും ആക്രമിച്ചുവെന്നും നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ മാവോയിസ്റ്റുകളെ നേരിടാന്‍ മതിയായ സംവിധാനമില്ലാതെയാണ് പോലീസ് അവിടെയെത്തുന്നത്.

ആവശ്യത്തിന് പരിശീലനം പോലും ലഭിക്കാത്ത പോലീസുകാരെയാണ് ഇവിടെ വിന്യസിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂര്‍ മരുത, മുണ്ടേരി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ പത്തോളം തവണ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരെ നാട്ടുകാര്‍ കണ്ടിരുന്നു.
നിലമ്പൂര്‍ മേഖലയില്‍ അവസാനമായി മാഞ്ചീരി കോളനിക്കടുത്ത് വരിച്ചില്‍ മലയിലും കഴിഞ്ഞ ദിവസം മരുത പരലുണ്ടയിലുമാണ് മാവോയിസ്റ്റുകളെ കണ്ടത്. അതിന് മുമ്പ് ഭൂദാനം ഇരൂള്‍കുന്നിലും കണ്ടിരുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ നിയോഗിച്ച തണ്ടര്‍ബോള്‍ട്ടിന് വനത്തില്‍ ഒരു ആക്രമണം നേരിടാനുള്ള പ്രത്യേക പരിശീലനം വേണ്ടത്ര കിട്ടിയിട്ടില്ല. വനത്തിനകത്ത് വെച്ച് ഒരു തിരിച്ചടി നല്‍കാനുള്ള സംവിധാനം തണ്ടര്‍ബോള്‍ട്ടിനില്ല.
മാവോയിസ്റ്റ് ഭീഷണി പോലുള്ള പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം 1200 കോടി രൂപ സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. 25 ലക്ഷം രൂപ മുടക്കി അമേരിക്കയില്‍ നിന്നിറക്കുമതി ചെയ്ത പോളാരിസ് വാഹനം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നാല് വാഹനങ്ങളാണ് കേരളത്തിലേക്ക് വാങ്ങിയിരുന്നത്. മാവോയിസ്റ്റ് മേഖലയില്‍ ഡ്യൂട്ടി ഉണ്ടാകുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നേരത്തെ നല്‍കിയിരുന്നത് നിര്‍ത്തലാക്കാനുള്ള നീക്കവും സേനയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

Latest