Connect with us

Ongoing News

പ്രൊഫഷനല്‍ പ്രവേശനത്തില്‍ പിന്നാക്കക്കാര്‍ക്ക് സംവരണ നഷ്ടം

Published

|

Last Updated

തിരുവനന്തപുരം; പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശനത്തില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വന്‍ സംവരണ നഷ്ടം സംഭവിക്കുന്നതായി പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും നിലവിലുള്ള എസ് ഇ ബി സി (സോഷ്യലീ ഇക്കണോമിക് ബാക്ക്‌വാര്‍ഡ് കമ്മ്യൂണിറ്റി) പട്ടിക പുതുക്കണമെന്നും സര്‍ക്കാറിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

ജസ്റ്റിസ് ജി ശിവരാജന്‍ അധ്യക്ഷനും മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, കെ ജോണ്‍ ബ്രിട്ടോ എന്നിവര്‍ അംഗങ്ങളുമായ പിന്നാക്ക വിഭാഗ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത്.
മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ടര്‍ തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശനത്തിനാണ് സംവരണമുള്ളത്. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം കവിയാത്ത എസ് ഇ ബി സി വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ ഇതിന്റെ ആനുകൂല്യം.
പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ 7.7 ലക്ഷം വിദ്യാര്‍ഥികളുടെ വിവരം ശേഖരിച്ചപ്പോള്‍ താഴെ തട്ടില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുപ്പത് സമുദായങ്ങള്‍ക്കാണ് സംവരണ നഷ്ടം സംഭവിച്ചത്.
ഈ സാഹചര്യത്തില്‍ എസ് ഇ ബി സി പട്ടിക തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഇത് പുനഃപരിശോധിക്കുകയും വേണം. എണ്‍പത് സമുദായങ്ങളാണ് നിലവില്‍ എസ് ഇ ബി സി പട്ടികയിലുള്ളത്. വിദ്യാര്‍ഥികളും കോഴ്‌സുകളും കോളജുകളും വര്‍ധിച്ചെങ്കിലും 1965ലെ കുമാരപ്പിള്ള കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് സംവരണം നല്‍കുന്നത് യുക്തിയല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പഞ്ചായത്ത്തലത്തില്‍ സംവരണ വിഭാഗങ്ങളുടെ വിവര ശേഖരണം നടത്തണമെന്നാണ് കമ്മീഷന്റെ മറ്റൊരു ശിപാര്‍ശ. ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനൊപ്പം പഞ്ചായത്തുകള്‍ അതിന്റെ സ്ഥിതി വിവര കണക്കുകള്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Latest