Connect with us

Kozhikode

സെക്‌സ് റാക്കറ്റിന്റെ പീഡനം: പെണ്‍കുട്ടിയെ സ്വദേശമായ ബംഗ്ലാദേശിലെത്തിക്കണം

Published

|

Last Updated

കോഴിക്കോട്: സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട് ലൈംഗിക പീഡനത്തിന് ഇരയായി ഉപേക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പെണ്‍കുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവ്. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന 17കാരിയെ ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ ഹാജരാക്കാനും കലക്ടര്‍ മുന്‍കൈയെടുത്ത് കുട്ടിയെ നാട്ടിലെത്തിക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി ചെയര്‍മാനായ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിടുകയായിരുന്നു.
ലൈംഗിക പീഡനത്തിന് ഇരയാവുകയും ഒടുവില്‍ മതിയായ രേഖകളില്ലാതെ രാജ്യത്തെത്തി എന്ന കുറ്റം ചുമത്തി ആറ് മാസത്തോളം ജില്ലാ ജയിലിലടക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിക്കാണ് ഒടുവില്‍ നീതി ലഭിച്ചത്. ബംഗ്ലാദേശിലെ സൂത്രാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ മെയ് മാസത്തിലാണ് നാട്ടില്‍ നിന്നും കാണാതാവുന്നത്. കൊല്‍ക്കത്തിയിലെത്തിച്ചേര്‍ന്ന പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെട്ട് ആദ്യം ബെംഗളുരുവും പിന്നെ കോഴിക്കോട്ടെ കുന്നമംഗലത്തുമെത്തുകയായിരുന്നു.
പെണ്‍കുട്ടിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചെന്ന് വ്യക്തമായതോടെ കുന്ദമംഗലം കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘം തിരികെ ബെംഗളുരുവിലേക്ക് ബസ് കയറ്റിവിട്ടു. യാത്രാമധ്യെ താമരശ്ശേരി ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ കയറിയ പെണ്‍കുട്ടിയെ താമരശ്ശേരി പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.
പീഡിനം നടക്കുമ്പോള്‍ 16 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെക്കുറിച്ച് മതിയായ അന്വേഷണം നടത്താതെ പ്രായപൂര്‍ത്തിയായവളെന്നും പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചുവെന്നും കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ മെയ് 12 മുതല്‍ ജില്ലാ ജയിലിലടക്കുകയുമായിരുന്നു. സത്യമറിഞ്ഞ് കോഴിക്കോടുള്ള വനിതാ സംഘടനയായ പുനര്‍ജനി ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ സഹകരണത്തോടെ ബംഗ്ലാദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് പോലീസിന് മുമ്പാകെ ഹാജരാക്കി.
1997 സെപ്തംബര്‍ 10 നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് ദാക്ക സൗത്ത് സിറ്റി കോര്‍പറേഷന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കുകയോ 60 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ താമരശ്ശേരി കോടതിയില്‍ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരികയും തുടര്‍ന്ന് താമരശ്ശേരി കോടതി കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയുമായിരുന്നു.

Latest