Connect with us

International

ഹോങ്കോംഗില്‍ പ്രക്ഷോഭകരുടെ ക്യാമ്പുകള്‍ നാളെ മുതല്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍

Published

|

Last Updated

ഹോങ്കോംഗ് : ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ പ്രധാന ക്യാമ്പുകള്‍ നാളെ മുതല്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍. എന്നാല്‍ രണ്ട് മാസത്തിലധികമായി പ്രക്ഷോഭ രംഗത്തുള്ള തങ്ങള്‍ ക്യാമ്പില്‍ തന്നെ നിലയുറപ്പിക്കുമെന്ന് കുറച്ച് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന്റെ മൂര്‍ധന്യത്തില്‍ പതിനായിരങ്ങളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ക്ഷയിച്ചിട്ടുണ്ട്. അര്‍ധ സ്വയംഭരണാവകാശമുള്ള ചൈനീസ് നഗരത്തില്‍ 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള അവകാശം വേണമെന്നാണ് വിദ്യാര്‍ഥികള്‍ നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭകരുടെ ആവശ്യമെങ്കിലും സ്ഥാനാര്‍ഥികളെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമെന്നാണ് ചൈനീസ് നിലപാട്. ഹോങ്കോംഗിലെ വ്യാവസായിക ജില്ലയിലുള്ള മൂന്ന് പ്രതിഷേധ ക്യാമ്പുകള്‍ ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ കോടതി ഉദ്യോഗസ്ഥന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്യാമ്പുകളും ഒഴിപ്പിക്കാനാണ് സാധ്യത. പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഹോങ്കോംഗ് അഥവാ ചൈന വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ സംഘര്‍ഷഭരിതമായേക്കാന്‍ സാധ്യതയുണ്ട്.

Latest