Connect with us

Malappuram

വാഴക്കാട്ട് ജലസ്രോതസുകള്‍ പാഴാകുന്നു

Published

|

Last Updated

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തില്‍ ധാരാളം ജലസ്രോതസുകള്‍ ഉപയോഗിക്കാതെ പാഴായി പോവുന്നു. കുളങ്ങളും മണ്‍കുഴികളുമാണ് ഉപയോഗിക്കാതെ ജലം പാഴായി പോവുന്നത്.
മപ്രം ഭാഗത്തെ കണ്ടല്‍കാടുകളും ചീക്കപ്പള്ളി കുളം തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കുളങ്ങള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ചില ഭാഗങ്ങളില്‍ മണ്‍കുഴികള്‍ ധാരാളമുണ്ട്. എളമരം, പരപ്പത്ത്, വാഴക്കാട്, ചെറുവട്ടൂര്‍ എന്നിവിടങ്ങളില്‍ മണ്‍കുഴികള്‍ ധാരാളമുണ്ട്. വാഴക്കാട് പഞ്ചായത്തില്‍ ജലക്ഷാമം നേരിടുന്ന ധാരാളം സ്ഥലങ്ങളുണ്ട്. പാഴായി പോവുന്ന കുളങ്ങളിലെയും മണ്‍കുഴികളിലെയും വെള്ളം കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ കുളങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുളിക്കടവായി ഉപയോഗപ്പെടുത്താവുന്നതാണ്.
ചിലയിടങ്ങളില്‍ ആളുകള്‍ ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയാണ്. മാത്രവുമല്ല, മലിന ജലത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുകുകള്‍ ധാരാളം വരുന്നതിനാല്‍ ചില കുളങ്ങളും മണ്‍കുഴികളും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കുളങ്ങളിലും മണ്‍കുഴികളിലും വളര്‍ത്തുമൃഗങ്ങള്‍ ധാരാളം വളരുന്നതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന കുളങ്ങള്‍ മത്സ്യവളര്‍ത്തു കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിയും. വാഴക്കാട് പഞ്ചായത്തില്‍ നിന്ന് മുന്‍കാലങ്ങളില്‍ ധാരാളമായി ഓട് നിര്‍മാണത്തിനും ഇഷ്ടിക നിര്‍മാണത്തിനും മണ്ണെടുത്തതിനാല്‍ ഉണ്ടായതാണ് മണ്‍കുഴികള്‍.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം ജലസ്രോതസുകള്‍ നന്നാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പുല്‍പ്പറ്റ ലഹരി
വിമുക്ത പഞ്ചായത്ത്
മഞ്ചേരി: പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത പഞ്ചായത്തായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തിയായ ചെകിരിയന്‍മൂച്ചി മുതല്‍ പടിഞ്ഞാറെ അതിര്‍ത്തിയായ വിസപ്പടി വരെ എണ്ണായിരത്തോളം പേരുടെ മനുഷ്യചങ്ങലയുണ്ടായിരുന്നു. മനുഷ്യചങ്ങലക്ക് ക്ക് ശേഷമായിരുന്നു ലഹരി വിമുക്ത പ്രഖ്യാപനം. പഞ്ചായത്തിന്റെ മോചനം പദ്ധതി പ്രകാരം മദ്യത്തിനും മയക്കുമരുന്നുകള്‍ക്കുമെതിരെ പഞ്ചായത്ത് പ്രസിഡന്റ് ഒ പി ആലിബാപ്പു, വൈസ് പ്രസിഡന്റ് നുസ്‌റീനമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവബോധം വളര്‍ത്തി വരികയായിരുന്നു. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും അങ്കണ്‍വാടി, കുടുംബശ്രീ, അയല്‍കൂട്ടം, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മനുഷ്യ ചങ്ങലയില്‍ കൈകോര്‍ത്തു.
സായാഹ്നധര്‍ണ
മലപ്പുറം: ഐ എന്‍ എല്‍ മങ്കട മണ്ഡലം കമ്മിറ്റി മതേതര സംരക്ഷണ ദിനവും സായാഹ്നധര്‍ണയും നടത്തി. സി എച്ച് അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുജീബ് ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. പി എന്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വി കെ അലവി, എ സി കുഞ്ഞിമോന്‍ ഹാജി പാങ്ങ്, മൊയ്തീന്‍കുട്ടി ഹാജി സംബന്ധിച്ചു.
വി സി ബി നിര്‍മാണത്തിന് 3.17 കോടി
കൊളത്തൂര്‍: തട്ടാരുമണ്ണയില്‍ കുറുവ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിച്ച് ചെറുപുഴക്ക് കുറുകെ വി സി ബി നിര്‍മിക്കുന്നതിന് 3.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അറിയിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഉപയോഗിച്ച് ജല വിഭവ വകുപ്പില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. 4.80 മീറ്റര്‍ വീതിയിലുള്ള പാലമടങ്ങിയ വി സി ബി നിര്‍മാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.

Latest