Connect with us

Kozhikode

മുക്കം കടവ് പാലം: മൂന്നാം അപ്രോച്ച് റോഡ് പ്രവൃത്തി സ്തംഭിച്ചു

Published

|

Last Updated

മുക്കം: മലയോര മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന മുക്കം കടവ് പാലം നിര്‍മാണത്തിന്റെ അവസാന പ്രവൃത്തി സ്തംഭനത്തില്‍. മുക്കം, കാരശ്ശേരി ഗ്രാമപഞ്ചാത്തുകളിലെ മൂന്ന് കരകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ മുക്കം ഭാഗത്തെ കരയിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണമാണ് സ്തംഭിച്ചിരിക്കുന്നത്.
ഇരുവഴിഞ്ഞിപ്പുഴയുടെ പാഴൂര്‍തോട്ടം, കുമാരനെല്ലൂര്‍മുക്ക് ഭാഗങ്ങളില്‍ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പ്രധാന ഭാഗമായ മുക്കം കരയിലെ നിര്‍മാണമാണ് ഭൂഉടമയും അധികൃതരും തമ്മിലെ തര്‍ക്കം മൂലം നിശ്ചലമായിരിക്കുന്നത്. സ്ഥലമുടമ സ്ഥലം വിട്ടുനല്‍കുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു മാസം മുമ്പ് ഉടമയുമായി എം എല്‍ എയും ഗ്രാമപഞ്ചായത്തധികൃതരും ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ വിട്ടുനല്‍കുന്ന സ്ഥലത്തിന് രേഖ നല്‍കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ഭൂവുടമ പറയുന്നത്. സ്ഥലത്തിന് രേഖ നല്‍കാന്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍ വേണ്ടിവരുന്നതിനാല്‍ അതിനായി ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്. ആറ് സ്പാനുകളില്‍ 165 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 19 കോടി രൂപയാണ് ചെലവ്. 2012 ഒക്‌ടോബറില്‍ ആരംഭിച്ച പാലം പ്രവൃത്തി നിശ്ചിത സമയത്തിന് മുമ്പുതന്നെ തീര്‍ന്നിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ചേര്‍ന്ന നാട്ടുകാരുടെ കൂട്ടായ്മയില്‍ വി മോയി അധ്യക്ഷനായിരുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, അംഗം എം ടി അഷ്‌റഫ്, സി കെ കാസിം, ടി വിശ്വനാഥന്‍, മുക്കം മുഹമ്മദ്, വി കുഞ്ഞാലി, പി സിയ്യാലി, യൂനുസ് പുത്തലത്ത് പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പി സിയ്യാലി (ചെയര്‍.), എം എം അബ്ദുസ്സലാം (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.

Latest