Connect with us

Malappuram

ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; മുസ്‌ലിം ലീഗില്‍ പ്രതിസന്ധി

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുലൈമാന്‍ രാജിവെച്ചു. യു ഡിഎഫിലെ ധാരണയനുസരിച്ചാണ് കോണ്‍ഗ്രസിലെ ടി വി സുലൈമാന്‍ രാജിവെച്ചത്. ഇതോടൊപ്പം തന്നെ വൈസ് പ്രസിഡന്റ് ലീഗിലെ സല്‍മ മുഹമ്മദ്കുട്ടിയും രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
യു ഡി ഫ് ധാരണയനുസരിച്ച് ഒരുവര്‍ഷം പൂര്‍ത്തിയായ ഇന്നലെ തന്നെ രാജിവെക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ലീഗ് ഭരിച്ചിരുന്ന പഞ്ചായത്ത് ചരിത്രത്തിലാദ്യമായാണ് ഒരുവര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കിയത്.
ഇതിനെതിരെ ലീഗിലെ തന്നെ ഒരുവിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഒടുവില്‍ ലീഗിലെ ഒരു വിഭാഗത്തിന്റെ പരോക്ഷ പിന്തുണയോടെ പ്രസിഡന്റ് പദം കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു.
ഒരുവര്‍ഷത്തെ കാലവധി കഴിഞ്ഞ് കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചിറങ്ങിയതോടെ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. അവശേഷിക്കുന്ന ഒരുവര്‍ഷത്തേക്ക് നേരത്തെ മൂന്ന് വര്‍ഷം പ്രസിഡന്റായിരുന്ന ഷാനവാസ് വട്ടത്തൂരിനെ പരിഗണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ പുതിയ ആളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി മറു വിഭാഗവും രംഗത്തുണ്ട്.

 

Latest