Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം: മൊബൈലും ലാപ്‌ടോപും ഫോറന്‍സിക് പരിശോധനക്കയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും ഡല്‍ഹി പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. സംഭവം നടന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും വീണ്ടും പരിശോധിച്ചു. മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുമാണ് ഇപ്പോള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുന്നത്. മരണ ശേഷം ഇവയില്‍ നിന്ന് ഏന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധനക്കയച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുനന്ദ താമസിച്ച ലീലാ പാലസ് ഹോട്ടലിലെ 345ാം മുറിയില്‍ നിന്ന് ബെഡ് ഷീറ്റ്, രക്തക്കറയുള്ള കാര്‍പ്പെറ്റ്, പൊട്ടി ചിതറിയ ഗ്ലാസ് കഷണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇത് മുമ്പും ഫോറന്‍സിക് പരിശോധനക്കായി അയച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറെ ഡല്‍ഹി ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ രണ്ട് ഇ മെയില്‍ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പരിശോധനക്കയക്കാന്‍ തീരുമാനിച്ചത്. രണ്ടാമത് മെഡിക്കല്‍ റിപ്പോര്‍ട്ടിന് ശേഷമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. രണ്ടാമത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മരണ കാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പരാമര്‍ശിച്ചിരുന്നു. ഏതുതരം വിഷമാണെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇത് എങ്ങനെയാണ് സുനന്ദയുടെ ശരീരത്തിലെത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആന്തരികാവയവങ്ങള്‍, കിഡ്‌നി, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായിരുന്നു.

Latest