Connect with us

Gulf

അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി ശക്തമാക്കിയതായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: അനധികൃത ടാക്‌സികള്‍ക്കെതിരെ കടുത്ത പിഴ ഉള്‍പ്പെടെയുളള ശക്തമായ നടപടി സ്വകരിച്ചു വരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇതിനായി നിലവിലെ ഗതാഗത നിയമത്തില്‍ ആര്‍ ടി എ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതുവരെയും ഇത്തരം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്ന രീതിയായിരുന്നു തുടര്‍ന്നു വന്നത്. എന്നാല്‍ നടപടി കര്‍ശനമാക്കിയതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും പിഴ ചുമത്താന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി. ആര്‍ ടി എക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി സര്‍വീസുകള്‍ ഈടാക്കുന്നതിലും വളരെ കുറഞ്ഞ തുകയാണ് അനധികൃത ടാക്‌സികള്‍ ഈടാക്കുന്നതെന്നതിനാല്‍ ഇവക്ക് സമൂഹത്തില്‍ ഇപ്പോഴും സ്വീകര്യത ലഭിക്കുന്നത് കണക്കിലെടുത്താണ് കര്‍ശന നടപടിയുമായി ആര്‍ ടി എ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സര്‍വീസുകള്‍ നടത്തുന്നത് കണ്ടെത്താന്‍ യാത്രക്കാരായി തെറ്റിദ്ധരിപ്പിക്കുക ഉള്‍പെടെയുള്ള രീതികള്‍ പരിശോധകര്‍ പരീക്ഷിക്കാറുണ്ട്.
നിയമലംഘനത്തിന് ആദ്യമായി പിടിക്കപ്പെടുന്ന ഡ്രൈവര്‍ക്ക് 5,000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയായി ചുമത്തും. ആവര്‍ത്തിക്കുന്ന കേസുകൡ പിഴ ഈടാക്കിയ ശേഷം കേസ് കോടതിക്ക് കൈമാറും.
ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എത്ര പേരെ പിടികൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ സി ഇ ഒ തയ്യാറായില്ല. അത്തരം കണക്കുകള്‍ ഇപ്പോള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. നഗരത്തിലെ ജനസംഖ്യ ഉയരുന്നതിന് ആനുപാതികമായി ഇത്തരം കേസുകളും വര്‍ധിക്കുന്നുണ്ട്. പുതുതായി നിയമം കര്‍ശനമാക്കിയതോടെ ഇത്തരക്കാരെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സാധിക്കുന്നുണ്ട്. വിവിധ ആളുകൡ നിന്നു കാര്‍ ലിഫ്റ്റിനായി തുക മുന്‍കൂട്ടി വാങ്ങി ഒരു ഡ്രൈവര്‍ മുങ്ങിയിരുന്നു. അനധികൃത ടാക്‌സികളെ ആശ്രയിക്കുന്നവര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. പരിചയമില്ലാത്ത ഡ്രൈവറുടെ വാഹനത്തില്‍ സഞ്ചരിക്കുന്നത് സുരക്ഷാ പ്രശ്‌നത്തിനും ഇടയാക്കും.
അനധികൃത ടാക്‌സി സമൂഹത്തിന് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാനും ആര്‍ ടി എ നടപടി സ്വീകരിച്ചിട്ടുണ്ട്. നാഷനല്‍പെയിന്റ്‌സിന് സമീപത്ത് നിന്ന് റാശിദിയ മെട്രോ സ്‌റ്റേഷനിലേക്ക് 15 മുതല്‍ 20 ദിര്‍ഹം വരെയാണ് ഇത്തരം ടാക്‌സികള്‍ ഈടാക്കുന്നതെന്നാണ് അറിയാന്‍ സാധിച്ചത്. ദുബൈ-ഷാര്‍ജ അതിര്‍ത്തി കടക്കാന്‍ മാത്രം അംഗീകൃത ടാക്‌സികളില്‍ 20 ദിര്‍ഹം വേണമെന്നിരിക്കേയാണിത്. പ്രതിമാസ വാടകയായി ഒരു കാര്‍ ലിഫ്റ്റിന് ഇതിലും കുറഞ്ഞ തുകയാണ് ഈടാക്കുന്നത്.
അംഗീകൃത ടാക്‌സികള്‍ അല്‍ മുഹൈസിന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് അല്‍ ഖൂസിലേക്ക് 60 ദിര്‍ഹത്തോളം മീറ്റര്‍ ചാര്‍ജ് ആവശ്യമായി വരുമ്പോള്‍ അനധികൃത ടാക്‌സികള്‍ ഈടാക്കുന്നത് ഇതിന്റെ നാലിലൊന്നു മാത്രമാണ്. സ്വന്തമായ സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ക്ലാസിഫൈഡുകള്‍ തുടങ്ങിയവയിലൂടെയാണ് ഇത്തരക്കാര്‍ യാത്രക്കാരെ കണ്ടെത്തുന്നതെന്നും യൂസുഫ് അല്‍ അലി വെളിപ്പെടുത്തി.

Latest