Connect with us

Malappuram

കണ്ണമംഗലം ഭരണസമിതി യോഗത്തില്‍ ബഹളം

Published

|

Last Updated

വേങ്ങര: ഗ്രാമ പഞ്ചായത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ ഫണ്ട് വിനിയോഗിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബഹളം. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്നും ലഭിച്ച 577640 രൂപ ബോര്‍ഡില്‍ വെക്കാതെ വിവിധ പദ്ധതിക്കായി ചെലവിട്ടതായി ഒരു വിഭാഗം അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ നടന്ന യോഗം ബഹളത്തിലായത്. പടപ്പറമ്പ്-ഇരിങ്ങളത്തൂര്‍ റോഡിന് 2.5 ലക്ഷവും നെടുഞ്ചീരം ഓമഞ്ചീരി റോഡിന് 231494 രൂപയും മൂട്ടിത്തോട്ടം അങ്കണ്‍വാടിക്ക് 96146 രൂപയും അനുവദിച്ചതിനെ ചൊല്ലിയാണ് വിവാദം. ഈ മൂന്ന് പദ്ധതികളും ബോര്‍ഡ് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ വാര്‍ഡുകളിലേക്കാണ് അനുവദിച്ചത്. പ്രസ്തുത പദ്ധതികള്‍ സംബന്ധിച്ച് നേരത്തെ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. പുതിയവക്ക് അജന്‍ഡകള്‍ വേണമെന്ന നിയമവും ലംഘിച്ചതായി ആരോപിച്ചാണ് ബഹളമുണ്ടാക്കിയത്. അതേ സമയം ബോര്‍ഡ് യോഗത്തില്‍ തീരുമാനങ്ങളൊന്നുമില്ലാതെ ആഗസ്റ്റ് എട്ടിലെ ബോര്‍ഡ് യോഗത്തിലെ മിനുട്‌സില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖപ്പെടുത്തിയത് ഏതാനും അംഗങ്ങള്‍ യോഗത്തില്‍ ചോദ്യം ചെയ്തിരുന്നു. ബോര്‍ഡിലെ കോണ്‍ഗ്രസ്, ഇടതുപക്ഷ അംഗങ്ങളായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ മൂസ, എന്‍ മുഹമ്മദ്കുട്ടി ഹാജി, കെ നഹീം, സി അനൂപ്, അരക്കിങ്ങല്‍ ഉണ്ണി, വി പി അജിത്, ഇ പി സുബൈദ, ടി ഹസീന എന്നിവരാണ് ബോര്‍ഡില്‍ പ്രതിഷേധവുമായി എത്തിയത്. ഗ്രാമപഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന വിഭാഗം നടത്തിയ കൃത്രിമത്തിനെതിരെ നടപടികള്‍ ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാനെ സമീപിക്കാനിരിക്കുകയാണ് പ്രതിഷേധക്കാരായ അംഗങ്ങള്‍.

Latest