Connect with us

National

അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാം, സമയമെടുക്കും: ചൈന

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും എന്നാല്‍ അതിന് സമയമെടുക്കുമെന്നും ചൈനീസ് അംബാസഡര്‍ ലി യുചീംഗ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ അടിസ്ഥാനസൗകര്യ, വികസന പദ്ധതികളില്‍ 2000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം ഉയര്‍ന്നുവരുമെന്നതില്‍ ചൈനക്ക് ആത്മവിശ്വാസമുണ്ടെന്ന് ലീ പറഞ്ഞു. ചര്‍ച്ചയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇരുഭാഗത്ത് നിന്നും ആത്മാര്‍ഥ പരിശ്രമമുണ്ടായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പാംഗോംഗ് തടാകത്തില്‍ ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സഹകരണം വിശാലമാക്കേണ്ടതുണ്ട്. അതിന് യോജിച്ചത് ഊര്‍ജ മേഖലയാണ്. ചൈനീസ് കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ഒരു നിമിഷം പോലും മുടങ്ങാതെ വൈദ്യുതിയുണ്ടാക്കാം. ഒരു ചൈനീസ് ഐ ടി കമ്പനി ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ 5000ത്തിലേറെ ജോലിസാധ്യതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൃഷിയടക്കമുള്ള മേഖലകള്‍ ചൈനീസ് വിപണിക്ക് സാധ്യമാക്കണം. 50 ലക്ഷം ചൈനീസ് ടൂറിസ്റ്റുകളെ വരവേറ്റ് ഇന്ത്യക്ക് വരുമാനം വര്‍ധിപ്പിക്കാം. നിര്‍ണായക പങ്കാളികളാകാനുള്ള യുക്തി ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. കൈലാസ് മാനസരോവര്‍ യാത്രക്കുള്ള പുതിയ യാത്രാമാര്‍ഗം അടുത്ത വര്‍ഷത്തോടെ പ്രാവര്‍ത്തികമാകുമെന്ന് ലീ അറിയിച്ചു. ഇത് തുറക്കാമെന്ന് നേരത്തെ ചൈന ഏറ്റിരുന്നു. വാഗാ അതിര്‍ത്തിയിലെ സ്‌ഫോടനത്തെ അദ്ദേഹം അതിശക്തമായി അപലപിച്ചു.
സാമ്പത്തിക സഹകരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ വിഷയത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം ശരണ്‍ പറഞ്ഞു. സാമ്പത്തിക, സുരക്ഷാ മേഖലകള്‍ ഇന്ത്യക്ക് ഒരുപോലെ നിര്‍ണായകമാണ്. സമുദ്ര മേഖലയിലെ സുരക്ഷയും ആശങ്കാജനകമാണ്. അതിര്‍ത്തി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest