Connect with us

Kasargod

തെരുവ് പട്ടികളുടെ ശല്യം: യാത്രക്കാര്‍ ഭീതിയില്‍

Published

|

Last Updated

ചെറുവത്തൂര്‍: ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം കാരണം യാത്രക്കാര്‍ പൊറുതിമുട്ടി കഴിയുന്നു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, കുഴിഞ്ഞടി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് പട്ടികളുടെ ശല്യം ഇയ്യിടെയായി വര്‍ധിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചീമേനി മുണ്ട്യ പരിസരത്ത് വെച്ച് രഞ്ജിത്ത് എന്ന ബസ് കണ്ടക്ടര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഈ പട്ടിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് പേ പിടിച്ച പട്ടി വളര്‍ത്തു മൃഗങ്ങളെയോ മറ്റോ ആക്രമിക്കുമോയെന്ന ആശങ്ക ജനങ്ങളിലുണ്ട്.
പകല്‍നേരങ്ങളില്‍ അലഞ്ഞുതിരിയുന്ന പട്ടിക്കൂട്ടങ്ങള്‍ സന്ധ്യ മയങ്ങുന്നതോടെ നഗരത്തിലേക്ക് എത്തുകയാണ്. ഒറ്റപ്പെട്ട് യാത്ര ചെയ്യന്ന കാല്‍നട യാത്രക്കാര്‍, ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ നേരെ ആക്രമിക്കാനൊരുങ്ങുകയാണ് ചെയ്യുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രാത്രിയില്‍ ചെറുവത്തൂരില്‍ വെച്ച് ഒരു ബൈക്ക് യാത്രക്കാരന്‍ തെരുവുപട്ടികളുടെ ആക്രമണത്തിന് ഇരയായിരുന്നു. ബൈക്കില്‍ രണ്ടുപേരുണ്ടായതിനാലാണ് അന്ന് രക്ഷപ്പെട്ടത്.
രാത്രിയായാല്‍ ചെറുവത്തൂരിലെ റോഡുകളും പരിസരങ്ങളും പട്ടിക്കൂട്ടങ്ങള്‍ കയ്യടക്കുന്ന സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ദിനേശ്ഭവന്‍ വഴി ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ നടന്നുവരുന്നത്. ബസ് സ്റ്റാന്‍ഡില്‍ വൈകിയെത്തുന്ന ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് നേരെയും അതിരാവിലെ യാത്ര പുറപ്പെടുന്നവര്‍ക്കു നേരെയും പട്ടികള്‍ ആക്രമണത്തിന് മുതിര്‍ന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ കൊന്നൊടുക്കാറുണ്ട്. എന്നാല്‍ നിലവില്‍ അത്തൊരമൊരു സംവിധാനം ഇല്ലാത്തത് തെരുവ് പട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ഇതിനെതിരെ സത്വര നടപടികളെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Latest