Connect with us

Gulf

സാമൂഹിക ജീവിതത്തിന് കളമൊരുക്കി ഹാബിറ്റാറ്റ് സ്‌കൂള്‍

Published

|

Last Updated

അജ്മാന്‍: പഠന കേന്ദ്രമെന്നതിലുപരി സാമൂഹിക സ്ഥലമായിക്കൂടി സ്‌കൂളിനെ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ഡേ-ബോര്‍ഡിംഗ് സംവിധാനം ആരംഭിച്ചു. അന്താരാഷ്ട്ര പ്രശസ്തനായ യു എ ഇ കൗണ്‍സില്‍ ഓഫ് റഫറീസ് തലവന്‍ മുഹമ്മദ് ഒമര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ഹാബിറ്റാറ്റ് സ്‌കൂളിന്റെ അടിസ്ഥാന നയങ്ങളിലൊന്നാണ് കുട്ടികളെ കൂടുതല്‍ സമയം സ്‌കൂളുമായി ബന്ധിപ്പിച്ചു നിര്‍ത്തി പങ്കാളിത്തപരമായ പരിപാടികളിലൂടെ വ്യക്തിത്വ വികാസത്തിനും കായിക-മാനസികാരോഗ്യ വളര്‍ച്ചക്കും സജ്ജമാക്കുന്ന ഡേ-ബോര്‍ഡിംഗ്.
ഡേ-ബോര്‍ഡിംഗ് സംവിധാനം കുട്ടികള്‍ക്ക് മൂന്ന് തരത്തിലുള്ള പരിശീലനം നല്‍കാന്‍ വേണ്ടി തയാറാക്കിയതാണ്. അവരുടെ പാഠ്യവിഷയത്തില്‍ ആഴത്തിലുള്ള പഠനം, കായിക വിഭാഗത്തിലുള്ള പരിശീലനം, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ എന്നീ കളികള്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തലിന് സ്വിമ്മിംഗ് പൂള്‍, കരാട്ടെ, നൃത്തം എന്നിവക്ക് പ്രത്യേകം ഒരുക്കിയ ഹാളുകള്‍, മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയം എന്നിവ തയാറായിട്ടുണ്ടെന്ന് അക്കാദമിക് ഡയറക്ടര്‍ സി ടി ആദില്‍ പറഞ്ഞു.
വിവിധ മത്സര ഇനങ്ങള്‍ക്കായുള്ള സിന്തറ്റിക്ക് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്‌കൂളിനെ വിജ്ഞാനത്തിന്റെ പ്രകൃത്യായുള്ള ഇടമായി സങ്കല്‍പിച്ചിരിക്കുന്നതിനാല്‍ ഗ്രീന്‍ഹൗസോട് കൂടിയ ഓര്‍ഗാനിക്ക് ഫാമിംഗിനുള്ള സൗകര്യമാണ് അടുത്തതായി തയാറാക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനത്തെ പ്രകൃതി കൃഷി സംവിധാനവുമായി സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണവും നടത്തും.
സ്‌കൂള്‍ കുട്ടികളെ സൈബര്‍ ടെക്‌നോളജിയുമായും പ്രോഗ്രാമിംഗുമായും ബന്ധിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന സൈബര്‍ സ്‌ക്വയറിന്റെ പണിയും തീരാറായിട്ടുണ്ടെന്നും ആദില്‍ പറഞ്ഞു. ഡീന്‍ വസീം യൂസഫ് ഭട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിഷാ ജയന്‍ പങ്കെടുത്തു.

 

Latest