Connect with us

Malappuram

ഇ-ജില്ല സേവനത്തില്‍ മലപ്പുറം ഒന്നാമത്

Published

|

Last Updated

മലപ്പുറം: സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഇഡിസ്ട്രിക്ട് പദ്ധതിക്ക് ജില്ലയില്‍ വിജയം. ഇതു വരെ കേരളത്തില്‍ മൊത്തം 93 ലക്ഷം സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇ ജില്ല പദ്ധതി മുഖേനയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ 896603 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജില്ല ഒന്നാം സ്ഥാനത്ത് എത്തി.
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ സമയം പാഴാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇഡിസ്ട്രിക്ട് പദ്ധതി ആരംഭിച്ചത്. ഇതു പ്രകാരം വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട 24 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നു. ഇതു കൂടാതെ 500 ഓളം ഉപയുക്ത സേവനങ്ങള്‍ക്കുള്ള ബില്ലുകളും ഇതു വഴി അടക്കാന്‍ സാധിക്കും.
നിലവില്‍ ഭക്ഷ്യ, മോട്ടോര്‍, വിദ്യഭ്യാസ, റവന്യൂ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനായി ലഭിക്കുന്നത്. ജില്ലയില്‍ അക്ഷയയും വില്ലേജ് ഓഫീസും സംയുക്തമായി ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലം കൂടിയാണിത്. ജില്ലയ്ക്ക് ലഭിച്ച നേട്ടം നില നിര്‍ത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കും അക്ഷയ സംരംഭകര്‍ക്കും വിപുലമായ പരിശീലനം ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.
ഈ നേട്ടം കൈവരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ് ബഷീര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പ്രതീഷ്, അസി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പവനന്‍, ജില്ലാ ഐ.ടി സെല്‍ കോഓര്‍ഡിനേറ്റര്‍ എ.ഇ ചന്ദ്രന്‍, അസി. കോഓര്‍ഡിനേറ്റര്‍ പി. കെ സുരേഷ് എന്നിവരെ കലക്ടര്‍ അഭിനന്ദിച്ചു.

Latest