Connect with us

Gulf

സഊദിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഷെയറുകള്‍ വാങ്ങുന്നതിന് വിലക്ക്

Published

|

Last Updated

റിയാദ്: സഊദിയില്‍ പലിശ ഇടപാടുകള്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഷെയറുകള്‍ വാങ്ങുന്നതിന് നിരോധം ഏര്‍പ്പെടുത്തി പെര്‍മനന്റ് കമ്മിറ്റി ഫത്‌വ പുറപ്പെടുവിച്ചത്. ദേശീയ വാണിജ്യ ബേങ്ക് പദ്ധതികള്‍ ആവിഷ്‌കരിച്ച സണ്‍ഡെയ്‌സ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് ( ഐ പി ഒ) ഉപ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ഷെയറുകള്‍ വാങ്ങുന്നതും വിലക്കില്‍പ്പെടും. ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്, ശൈഖ് അഹ്മദ് ബിന്‍ അലി സൈര്‍ അല്‍ മുബാറകി, ശൈഖ് സ്വാലിഹ് ബിന്‍ ഫവ്‌സാന്‍ അല്‍ ഫവ്‌സാന്‍, ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖുനൈന്‍, ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ മുത്‌ലഖ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിധി പുറപ്പെടുവിച്ചത്. ഫഹദ് ബിന്‍ സുലൈമാന്‍ അല്‍ ഖാദി ഗ്രാന്‍ഡ് മുഫ്തിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്തിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. എന്‍ സി ബി ബേങ്ക് നേരിട്ടു തന്നെ പലിശയിടപാടില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്‍ സി ബി ബേങ്കുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലിശയിടപാടുകള്‍ നടത്തുന്ന മുഴുവന്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഷെയറുകള്‍ വാങ്ങുന്നത് വിലക്കിയത്.
ഖുര്‍ആനിനും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യക്കും എതിരായി നടത്തുന്ന ഇത്തരം ഇടപാടുകള്‍ കടുത്ത തെറ്റാണെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ എന്‍ സി ബി ഐ പി ഒ സ്ഥാപനത്തിന് നേരെയുള്ള ഫത്‌വ ഏറെ വാഗ്വാദങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഉസൂല്‍ ആന്‍ഡ് ബഖീത് നിക്ഷേപ കമ്പനി അധികൃതര്‍ പറഞ്ഞു. ഐ പി ഒ ഇടപാടുകള്‍ ഹറാമാണെന്ന് ഭരണകൂട കൗണ്‍സിലിലെ മുതിര്‍ന്ന പണ്ഡിതനായ അല്‍ മുതല്‍ഖ് നേരത്തെ പറഞ്ഞിരുന്നു. ഇസ്‌ലാമിക നിയമമനുസരിച്ച് ഇത് കുറ്റകരമാണെന്ന് ടി വി ചാനലിലൂടെയാണ് മുല്‍തഖ് വ്യക്തമാക്കിയിരുന്നത്. ഇത്തരം നിഷിദ്ധമായ നിരവധി ബേങ്ക് ഇടപാടുകള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ശരീഅത്തിന്റെ നിയമമനുസരിച്ച് നിരവധി ആലോചനകള്‍ക്ക് ശേഷമാണ് ഐ പി ഒ ഇടപാടുകള്‍ ആരംഭിച്ചതെന്നും ഇത് പൂര്‍ണമായും ശരീഅത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും എന്‍ സി ബിയുടെ ശരീഅത്ത് ഉപദേഷക കൗണ്‍സില്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Latest