Connect with us

Palakkad

ക്വാറിയെ ചൊല്ലി യു ഡി എഫും സി പി എമ്മും തമ്മില്‍ തര്‍ക്കം രൂക്ഷം

Published

|

Last Updated

പട്ടാമ്പി : കൊപ്പം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫും സിപിഎമ്മും തമ്മില്‍ തര്‍ക്കം മുറുകുന്നു. ക്വാറി വിവാദത്തെ തുടര്‍ന്ന് യു എഫിലെ മുസ്‌ലിം ലീഗ് വനിതാ അംഗം കെ പി ധന്യ പ്രസിഡണ്ടായിഭരണം നടത്തുന്ന പഞ്ചായത്തില്‍ഭരണ സമിതി അംഗങ്ങള്‍ക്കിടയിലെ ഭിന്നത ഭരണസ്തംഭനത്തിലെത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.
ഗ്രാമസഭകള്‍ വിളിച്ചുകൂട്ടിയാലും പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗ് കൂടിയാലും അംഗങ്ങള്‍ തമ്മില്‍ത്തല്ലാണ്. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്റയും സഹകരണത്തോടെ നടപ്പാക്കുന്ന അതുല്യം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പഞ്ചായത്തില്‍ പതാക ഉയര്‍ത്തിയതാണ് പുതിയ വിവാദം. പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേരിതിരിഞ്ഞാണ് ഇവിടെ പതാക ഉയര്‍ത്തിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സി പി എം അംഗം കെ വിഷംസുദ്ദീന്റ നേതൃത്വത്തില്‍ ഒരു വിഭാഗം അംഗങ്ങള്‍ രാവിലെ പതാക ഉയര്‍ത്തിയപ്പോള്‍ പ്രസിഡന്റ് കെ പി ധന്യയുടെ നേതൃത്വത്തില്‍ വൈകീട്ടായിരുന്നു പതാകദിനാചരണം.
പ്രതിപക്ഷ അംഗങ്ങളായ വേലായുധന്‍, രുഗ്മിണി, ബീന, എം കെ വ്യാസന്‍ എന്നിവര്‍ക്ക് പുറമെ പഞ്ചായത്ത് സെക്രട്ടറി സോളമന്‍ സേവ്യര്‍ ഭരണപക്ഷ അംഗങ്ങളായ കല്ലിങ്ങല്‍ മുസ്തഫയും രവി സരോവരവും രാവിലെ നടന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദത്തിനിടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യുടെ നേതൃത്വത്തില്‍ വൈകീട്ട് നടന്ന പതാകദിനാചരണത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക മേലെകുന്നത്ത്, അംഗങ്ങളായ എന്‍ പി മരക്കാര്‍, സി പി സുഹറ, റഹ്മത്ത്, സുലൈഖ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അബ്ദു, സി പി മുസ്തഫ എന്നിവരും പങ്കെടുത്തു. ഇതോടെ ഭരണപക്ഷ, പ്രതിപക്ഷ വിത്യാസമില്ലാതെ അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തര്‍ക്കവുമായി.
രാവിലെ നടത്താന്‍ നിശ്ചയിച്ച പതാകദിനാചരണത്തിന് ഏറെ വൈകിയിട്ടും പ്രസിഡന്റും വൈസ് പ്രസിഡന്റും എത്താത്തതിനാല്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നിശ്ചയിച്ച സമയത്ത് പതാക ഉയര്‍ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ കെ വി ഷംസുദ്ദീന്‍ പറഞ്ഞു. അതേ സമയം പഞ്ചായത്ത് പ്രസിഡന്റിന്റ അസാന്നിധ്യത്തില്‍ രാവിലെ ഒരു വിഭാഗം അംഗങ്ങള്‍ പതാക ഉയര്‍ത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ പറഞ്ഞു. താന്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നിട്ടും തന്റെ അസാന്നിധ്യത്തില്‍ ഒരുവിഭാഗം അംഗങ്ങള്‍ പതാക ഉയര്‍ത്തിയത് ചട്ടലംഘനമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
അതുല്യം പദ്ധതിയുടെ ഭാഗമായി പതാക ഉയര്‍ത്തണമെന്ന് രാവിലെയാണ് പഞ്ചായത്തില്‍ വിവരം ലഭിക്കുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രോഗ്രാം കമ്മിറ്റി കോ- ഓര്‍നിനേറ്ററും പറഞ്ഞു. എന്നാല്‍ ആമയൂര്‍ കിഴക്കേകരയില്‍ പുതിയതായി വന്ന ക്രഷറിന് അനുമതി നല്‍കിയത് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണ സമിതി പിന്‍വലിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മിനുട്‌സ് തിരുത്തുകയായിരുന്നെവെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതേ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നതയാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.—