Connect with us

Kasargod

പുകയില നിയന്ത്രണം-നാലു താലൂക്കുകളിലും സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും

Published

|

Last Updated

കാസര്‍കോട്: പുകയില ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണത്തിന്റെ ഭാഗമായി അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനും നാലു താലൂക്കുകളിലും സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി-കോട്പാ യോഗം തീരുമാനിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം. എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.
പോലീസ്, എക്‌സൈസ്, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരടുങ്ങുന്നതാണ് സ്‌ക്വാഡുകള്‍. ജില്ലയില്‍ അനധികൃതമായി പാന്‍ മാസലകളുടെ വില്‍പ്പന നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബ്രാണ്ട് ഇല്ലാത്ത ചെറിയ രൂപത്തിലുള്ള പാന്‍ മസാല കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു വരുന്നു. ഹോട്ടലുകള്‍ക്ക് മുമ്പിലുള്ള മുറുക്കാന്‍ കടകളില്‍ വീര്യം കൂടിയ ബോംബെ ബീഡ ലഭിച്ചു വരുന്നു. ചില തൊഴിലാളികള്‍ ഇതിന്റെ അടിമകളാണ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ പാന്‍, പുകയില ഉല്‍പ്പന്നങ്ങളും മറ്റു മയക്കു മരുന്നുകളും കടത്തിക്കൊണ്ട് വരുന്നതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌കുളൂകളില്‍ പുകയില നിയന്ത്രണ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാലയങ്ങളിലെ നൂറു വാര ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധനം കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 200 സ്‌കൂളുകള്‍, 35 വാര്‍ഡുകള്‍, 25 തൊഴില്‍ സ്ഥലങ്ങള്‍ എന്നിവ പുകയില വിമുക്തമാക്കി. ഹൈകോടതിയുടെ നര്‍ദേശ പ്രകാരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സംരക്ഷണ സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ നടപടിയെടുക്കും. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് തടയന്‍ കര്‍ശന നടപടിള്‍ എടുക്കും. കടകള്‍, ഹോട്ടലുകള്‍, ബാറുകള്‍, സിനിമാശാലകള്‍ പുകയില വിമുക്തമാക്കും. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി വി സുരേന്ദ്രന്‍, എം ജി പി ഗവണ്‍മെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫ. എം സാജന്‍, മോഹനന്‍ മാങ്ങാട്, രാകേഷ് ആര്‍ നായര്‍, പി സി ബാനു, അജിത്കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം എസ് വിമല്‍രാജ് പങ്കെടുത്തു.

 

Latest