Connect with us

Wayanad

ഡി എം വിംസില്‍ അത്യാഹിതവിഭാഗവും വിഷ ചികിത്സാകേന്ദ്രവും ആരംഭിച്ചു

Published

|

Last Updated

മേപ്പാടി: ഡി എം വിംസില്‍ നവീകരിച്ച ആധുനിക അത്യാഹിത വിഭാഗത്തിന്റെയും വിഷചികിത്സാകേന്ദ്രത്തിന്റെയും ഉദ്ഘാടനം എം പി എം ഐ ഷാനവാസ് നിര്‍വഹിച്ചു.
അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നു ചേരുന്ന വിവിധ അത്യാഹിതങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായ ചികിത്സകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍മാരുടെ സേവനം ഉറപ്പാക്കും. നൂതന ചികിത്സാ രീതികളും പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും നല്‍കുക വഴി അടിന്തരഘട്ടങ്ങളിലെ ആതുര സേവനരംഗത്ത് ഡി എം വിംസ് ഒരു പടികൂടി മുന്നേറിയിരിക്കുകയാണ്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദഗ്ദ്ധ ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ഡി.എം. വിംസ് എമര്‍ജന്‍സി വിഭാഗത്തില്‍ കുട്ടികളുടെ അത്യാഹിത വിഭാഗവും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള രോഗികള്‍ക്കായി ഫാസ്റ്റ് ട്രാക്ക് ഒപിയും ആരംഭിച്ചു.
വളരെ ശാസ്ത്രീയമായ രീതിയില്‍ മുന്‍ഗണനാക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതരത്തിലാണ് ഈ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. നൂതന വിഷചികിത്സയുമായി ബന്ധപ്പെട്ട്, അകത്ത് ചെന്ന വിഷത്തിന്റെ അളവ് കണ്ടെത്താനുള്ള ട്രയാജ് മീറ്റര്‍, ഡി കണ്ടാമിനേഷന്‍ റൂം, വെന്റിലേറ്റര്‍, ഡയാലിസിസ് തുടങ്ങിയ സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
എമര്‍ജന്‍സി വിഭാഗത്തില്‍ കൂടുതല്‍ പ്രഗല്‍ഭരായ ഡോക്ടര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും നഴ്‌സുമാരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡി എം വിംസ് എമര്‍ജന്‍സി വിഭാഗത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ അംഗികാരമുള്ള ബിരുദാനന്തര കോഴ്‌സുകളുടെയും നഴ്‌സുമാര്‍ക്കുള്ള എമര്‍ജന്‍സി സര്‍വീസിലുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളുടെയും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അംഗീകരിച്ച ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് കോഴ്‌സുകളുടെയും ഉദ്ഘാടനം ഡി എം വിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡീന്‍ ഡോ. രവി ജേക്കബ് കൊരുള, ഡോ. ശേഷ്ഗിരി, ഡോ. മെഹറൂഫ് രാജ് , ഡെപ്പ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ദേവാനന്ദ് കെ.ടി, ആസ്റ്റര്‍ ഡോ. പി.പി വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. പ്രശാന്ത് കെ വി നന്ദി പ്രകാശിപ്പിച്ചു.

Latest