Connect with us

National

'ലൗ ജിഹാദ്': വഡോദരയില്‍ വിദ്വേഷ ലഘുലേഖകള്‍ പ്രചരിക്കുന്നു

Published

|

Last Updated

വഡോദര/ മുംബൈ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വഡോദരയില്‍ “ലൗ ജിഹാദ്” വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടു. മറ്റ് സമുദായത്തിലെ യുവാക്കളുടെ കെണിയില്‍ പെണ്‍കുട്ടികള്‍ അകപ്പെടരുതെന്ന് കാണിച്ചുള്ള ലഘുലേഖകള്‍ പലയിടത്തും വിതരണം ചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ലഘുലേഖകളെ സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വി എച്ച് പിയുടെ പേരിലുള്ള ലഘുലേഖ ഗുജറാത്തിയിലാണ് തയ്യാറാക്കിയത്. ലൗ ജിഹാദിന്റെ ഇരയായാല്‍ പെണ്‍കുട്ടികള്‍ക്ക് വരാനിരിക്കുന്ന വിധിയെ സംബന്ധിച്ച് ഇതില്‍ മുന്നറിയിപ്പുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ മുസ്‌ലിം യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നും രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യമാരായി മാത്രമേ അത്തരം പെണ്‍കുട്ടികള്‍ കഴിയുന്നുള്ളൂവെന്നും “കണക്കുകള്‍” കാണിച്ചാണ് ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വി എച്ച് പി തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വഡോദര. ഈ മണ്ഡലം മോദി ഒഴിവാക്കി വാരാണസി നിലനിര്‍ത്തുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ്.
അതേസമയം, ലൗ ജിഹാദിനെ സംബന്ധിച്ച് പരാമര്‍ശം നടത്തി വിവാദത്തിലായ ബി ജെ പി നേതാവ് യോഗി ആദിത്യനാഥിനെ പിന്തുണച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ഹിന്ദു പെണ്‍കുട്ടികള്‍ കെണിയലകപ്പെടുകയും വിവാഹത്തിന് ശേഷം നിര്‍ബന്ധിത പരിവര്‍ത്തനത്തിന് ഇരയാകുകയുമാണെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഉദ്ധവ് കുറ്റപ്പെടുത്തി. ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് അതെന്ന് ഉദ്ധവ് പറയുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ ഇതു സംബന്ധിച്ച് ആശങ്കയിലാണ്. ആദിത്യനാഥ് ഈ ആശങ്കയാണ് പങ്കുവെച്ചത്. ഇതിന് പിന്നിലുള്ളവരെ ഒരു പാഠം പഠിപ്പിക്കണം. ലോകത്തെ തീവ്രവാദ സംഘടനകള്‍ ഹിന്ദുസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ നീളുകയാണ് ഉദ്ധവ് താക്കറെയുടെ വിദ്വേഷ അഭിപ്രായപ്രകടനം.

Latest