Connect with us

Malappuram

ഏഷ്യന്‍ ഓപണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയും

Published

|

Last Updated

എടപ്പാള്‍: മലേഷ്യയിലെ കോലാലംപൂരില്‍ 20ന് നടക്കുന്ന ഏഷ്യന്‍ ഓപ്പണ്‍ കരാട്ടെ ഫുള്‍ കോണ്ടാക്ട് ചാമ്പ്യന്‍ഷിപ്പിലേക്ക് മലയാളിക്കും ക്ഷണം. മലപ്പുറം ജില്ലയിലെ തവനൂര്‍ സ്വദേശിയായ പി ബി രഞ്ജിത്താണ് ലോക കരാട്ടെ സംഘടനയായ ഡബ്ല്‌യു കെ ഒയുടെ ജപ്പാന്റെ ക്ഷണപ്രകാരം യാത്രതിരിക്കുന്നത്. രഞ്ജിത്തിനെ കൂടാതെ ഒറീസ്സയില്‍ നിന്ന് ഒരാളും കല്‍ക്കത്തയില്‍ നിന്ന് മറ്റൊരാളും പങ്കെടുക്കുന്നുണ്ട്. 20 പരം രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഫൈറ്റര്‍മാര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുളളവരെ തിരഞ്ഞെടുക്കല്‍ ഡബ്ല്‌യു കെ ഒ ഇന്ത്യന്‍ ചീഫായ ശിവജി ഗാംഗുലിയുടെ നേതൃത്വത്തില്‍ ഒറീസ്സയിലെ പുരിയില്‍ വച്ചാണ് നടന്നത്. നൂറില്‍പ്പരം ഫൈറ്റര്‍മാര്‍ പങ്കെടുത്തതില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് മലേഷ്യയിലേക്ക് യോഗ്യത ലഭിച്ചത്. തവനൂര്‍ പുളിയത്ത് പരേതനായ ബാലന്റേയും യശോദയുടേയും മൂത്ത മകനാണ് രഞ്ജിത്ത്. സൗദി അറേബ്യയില്‍ സി ഐ ഡി ക്യാമ്പില്‍ കരാട്ടെ മാസ്റ്ററായി മൂന്ന് വര്‍ഷം ജോലി ചെയ്തു. പിന്നീട് യു എ ഇയില്‍ പൊലീസ് അക്കാദമിയില്‍ പ്രൈവറ്റ് കോച്ചായി ആറു വര്‍ഷത്തോളം ജോലി ചെയ്തു. ഇപ്പോള്‍ തവനൂര്‍ ഗവ. സ്‌കൂളിലും ഐഡിയല്‍ സ്‌കൂള്‍ കടകശ്ശേരി, പൊന്നാനി ഗേള്‍സ് ഹൈസ്‌കൂള്‍, മോഡേണ്‍ സ്‌കൂള്‍ പോട്ടൂര്‍ തുടങ്ങിയവിടങ്ങളിലും കൂടാതെ തന്റെ സ്വന്തം സ്ഥാപനമായ ബോധിധര്‍മ്മ മാര്‍ഷലാസ് അക്കാദമിയിലും കരാട്ടെപഠിപ്പിച്ചുവരുന്നു.