Articles
അട്ടപ്പാടിയല്ല കേരളം; ആകയാല്‍...

“സമ്പൂര്‍ണ മദ്യനിരോധത്തിന് സര്‍ക്കാര്‍ സന്നദ്ധമാകുക, സമൂഹം അതിന് സമരസജ്ജമാകുക, അടച്ച 418 ബാറുകളില്‍ ഒന്ന് പോലും തുറക്കരുത്; തുറന്നവയില്‍ പരമാവധി അടപ്പിക്കുക” ഈ മുദ്രാവാക്യം ഉയര്‍ത്തി സെക്രേട്ടറിയറ്റിനു മുന്നില്‍ കേരള മദ്യനിരോധന സമിതി നടത്തിയ സത്യഗ്രഹം തുടങ്ങിയിട്ട് ഇന്നലേക്ക് രണ്ട് മാസം തികഞ്ഞു. അതിന് മുമ്പ് തന്നെ സമരത്തിന് കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞു. സാമുദായിക സംഘടനകള്‍ അത് ഏറ്റെടുത്തു. മുസ്‌ലിം ക്രിസ്ത്യന്‍ സംഘടനകള്‍ വലിയ ശ്രമമാണ് നടത്തിയത്. ഇതിന്റെയെല്ലാം ഫലമായാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസകരമായ തീരുമാനം.
ഈ ക്രിയാത്മക നീക്കത്തിനെതിരെ ചില അപശബ്ദങ്ങള്‍ അങ്ങിങ്ങ് കേള്‍ക്കുന്നുണ്ട്. അതിലൊന്ന് സമ്പൂര്‍ണ മദ്യനിരോധം വിപരീത ഫലമേ ഉണ്ടാക്കൂ എന്നതാണ്. അതിനവര്‍ എടുത്തുകാണിക്കുന്ന ഉദാഹരണം അട്ടപ്പാടിയാണ്. അട്ടപ്പാടിയിലേക്ക് നോക്കൂ, അവിടെ മദ്യനിരോധമാണ്. പക്ഷേ, മദ്യപാനമാണ് അവിടുത്തെ പ്രധാന പ്രശ്‌നം. സത്രീകള്‍, എന്നല്ല ഗര്‍ഭിണികള്‍ പോലും മദ്യത്തിനടിമകളാകുന്നു എന്നെല്ലാം അവര്‍ വാചാലരാകുന്നു.
എന്നാല്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്ന ഒരാള്‍ക്കും അട്ടപ്പാടിയിലെ വിഷയത്തെ അങ്ങനെ സാമാന്യവത്കരിച്ചുകൊണ്ട് പറയാന്‍ കഴിയില്ല. വെറുതെ തര്‍ക്കിച്ചു “ജയിക്കാ”മെന്നല്ലാതെ അത് സത്യസന്ധമല്ല. ഒന്നാമത്തെ കാരണം, അട്ടപ്പാടിയല്ല കേരളം എന്നതാണ്. കേരളത്തിന്റെ ഒരു പരിച്ഛേദമായി അട്ടപ്പാടിയെ കാണാന്‍ കഴിയില്ല. അവിടെ ആദിവാസി സമൂഹമാണ്. അവിടെയുള്ള സാമൂഹിക സാഹചര്യം വ്യത്യസ്തമാണ്. അവിടുത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമുദായിക സാഹചര്യമാണോ കേരളത്തില്‍ മൊത്തമായുള്ളത്?
മാത്രമല്ല, സത്യത്തില്‍ അട്ടപ്പാടിയില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കിയിട്ടുണ്ടോ? സമ്പൂര്‍ണ മദ്യനിരോധ മേഖല എന്ന് ഒരു ബോര്‍ഡ് വെച്ചാല്‍ മദ്യനിരോധം നടപ്പിലാക്കലായോ? അവിടെ മദ്യനിരോധം നടപ്പാക്കിയെന്നത് തന്നെ തനി അസംബന്ധമാണ്. അട്ടപ്പാടിയില്‍ മദ്യനിരോധം നടപ്പാക്കുന്നതില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല. എന്നല്ല മദ്യവിമുക്ത മേഖലയാകണമെന്ന് ആത്മാര്‍ഥമായ ഒരു ശ്രമം പോലുമില്ലായിരുന്നു. ഏതൊരു കാര്യത്തിനും “നിയ്യത്ത്” വേണം. അത് ഉണ്ടാകാത്ത മദ്യനിരോധമാണ് അട്ടപ്പാടിയിലേത്. എക്‌സൈസ് ഓഫീസിന്റെയും പോലീസ് സ്റ്റേഷന്റെയും മൂക്കിന് താഴെ അവിടെ വാറ്റ് കാണാം. പിന്നെ എങ്ങനെ അട്ടപ്പാടി മദ്യനിരോധ മേഖലയാണെന്ന് പറയാന്‍ സാധിക്കും?
ഒരു സ്ഥലത്ത് മദ്യനിരോധ മേഖലയെന്ന് ബോര്‍ഡ് വെക്കുക. മദ്യനിരോധത്തിന് ആത്മാര്‍ഥമായ ഒരു നീക്കവും നടത്താതിരിക്കുക. ശേഷം അവിടെ മദ്യനിരോധം പരാജയമാണെന്ന് പ്രചരിപ്പിക്കുക. അതുകൊണ്ട് ലോകത്തൊരിടത്തും മദ്യനിരോധം പ്രായോഗികമല്ലെന്ന് വാദിക്കുക. എത്ര പരിഹാസ്യമാണ് ഈ വാദം?
മറ്റൊരു കാര്യം കൂടിയുണ്ട്. അട്ടപ്പാടിയിലെ മദ്യനിരോധം പുറമെ നിന്നുള്ള പ്രചോദനം കൊണ്ട് നടപ്പിലാക്കിയതാണ്. അവിടെയുള്ള പാവം മനുഷ്യരെ അതിന്റെ ആവശ്യകതയിലേക്കുയര്‍ത്തിക്കൊണ്ടുവരാന്‍ ആരും ശ്രമിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ഉള്ളില്‍ നിന്ന് അത്തരമൊരു ആവശ്യം ജനകീയമായി ഉയര്‍ന്നുവന്നിട്ടുമുണ്ടായിരുന്നില്ല. എന്നാല്‍, കേരളത്തിലെ പൊതുവേയുള്ള സാഹചര്യം അതല്ല. ഇവിടെ വലിയ തോതിലുള്ള ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നു. വീട്ടമ്മമാരുടെ ഭാഗത്ത് നിന്നും മത, സാമൂഹിക സംഘടനകളുടെ ഭാഗത്തു നിന്നും വന്‍ സമ്മര്‍ദം ഉണ്ട്. അതുകൊണ്ട് തന്നെ കേരളീയ സമൂഹത്തില്‍ മദ്യനിരോധം നടപ്പിലാക്കാന്‍ വന്‍ പിന്തുണയുണ്ടാകും.
കേരളത്തില്‍ മദ്യത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ സര്‍ക്കാറിനെക്കൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിപ്പിച്ചത്. അതുകൊണ്ടു തന്നെ “അട്ടപ്പാടിയെ പോലെ കേരളത്തിലും പരാജയപ്പെടു”മെന്ന വാദം വ്യര്‍ഥമാണ്.
കേരളത്തില്‍ ആദിവാസികള്‍ക്കിടയില്‍ നടപ്പാക്കിയ എല്ലാ പദ്ധതികളും പരാജയപ്പെട്ടതായി കാണാം. ഔഷധ, ചികിത്സാ രംഗങ്ങളില്‍ ഒരുപാട് പദ്ധതികള്‍ ആദിവാസികള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നു. പക്ഷേ പാളി. അതുകൊണ്ട് ഇനി കേരളത്തില്‍ ചികിത്സാ സംവിധാനം പ്രായോഗികമല്ല എന്ന് പറഞ്ഞ് പദ്ധതികള്‍ അവസാനിപ്പിക്കാമോ? പട്ടിണി പരിഹാരമാര്‍ഗങ്ങള്‍ പലതും പരീക്ഷിച്ചു. പോഷകാഹാരം എത്തിക്കാനുള്ള നടപടികള്‍ നോക്കി. എന്നിട്ടും അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങള്‍ (സത്യത്തില്‍ പട്ടിണി മരണങ്ങള്‍) റിപോര്‍ട്ട് ചെയ്തു. അട്ടപ്പാടിയെ ചൂണ്ടിക്കാട്ടി മദ്യനിരോധത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇങ്ങനെ വാദിക്കാം. “അട്ടപ്പാടിയിലേക്ക് നോക്കൂ, പോഷകാഹാര പദ്ധതി പരാജയമാണ്. പോഷകാഹാര പദ്ധതികള്‍ പ്രായോഗികമല്ല.” ഇങ്ങനെ കേരളത്തിലിനി പോഷകാഹാരക്കുറവ് പരിഹരിക്കുന്ന പദ്ധതികളൊന്നും വേണ്ട എന്ന് സര്‍ക്കാറിന് തീരുമാനിക്കാനാകുമോ? പോകട്ടെ, ഈ പറഞ്ഞത് ആദിവാസികള്‍ക്കിടയിലെങ്കിലും പ്രായോഗികമാണോ?
അതേസമയം, അട്ടപ്പാടിയിലെത് ഒരു മുന്നറിയിപ്പാണ്. കേരളത്തില്‍ മദ്യനിരോധം നടപ്പിലാക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്നും ചെയ്യരുതെന്നും അട്ടപ്പാടി പറഞ്ഞുതരും. മദ്യനിരോധം നടപ്പാക്കുമ്പോള്‍ ശക്തമായ ഇച്ഛാ ശക്തി പ്രകടിപ്പിക്കണം. എതിരെ വലിയ സമ്മര്‍ദങ്ങളുണ്ടാകും. എക്‌സൈസും പോലീസും മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമം വേണം. ഇതിന് താത്പര്യമുള്ളവരെ പൊതു സമൂഹത്തില്‍ നിന്ന് കണ്ടെത്തണം.
മറ്റൊരു കാര്യം നോക്കാം. ബലാത്സംഗവും പിടിച്ചുപറിയും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നിട്ടും അവ നടക്കുന്നുണ്ട്. അതിന്റെ പേരില്‍ ബലാത്സംഗനിരോധം പ്രായോഗികമല്ലെന്നും പിടിച്ചുപറി നിരോധിക്കാനാകില്ലെന്നും പറഞ്ഞ് അവയുടെ നിരോധം നീക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് പ്രബുദ്ധരായ ജനങ്ങള്‍ ആലോചിക്കുക. മാത്രമല്ല, വലിയ തോതില്‍ അത്തരം അധാര്‍മിക പ്രവണതകള്‍ക്ക് സമൂഹം അടിമകളായിത്തീര്‍ന്നിട്ടുണ്ട്. മദ്യത്തിന് ഒരുപാട് പേര്‍ “അഡിക്റ്റായ”തുകൊണ്ട് മദ്യനിരോധം പറ്റില്ലെന്ന് പറയുന്ന പോലെ, ബലാത്സംഗ നിരോധവും പറ്റില്ലെന്ന് പറയാനൊക്കുമോ?