Connect with us

Kannur

തലശ്ശേരിയിലെ സോളാര്‍ തട്ടിപ്പ് ചെക്ക് കേസുകള്‍ എറണാകുളത്തേക്ക് മാറ്റി

Published

|

Last Updated

തലശ്ശേരി: സരിത എസ് നായരും ബിജു രാധാകൃഷ്ണനും പ്രതി സ്ഥാനത്തുള്ള തലശ്ശേരിയിലെ സോളാര്‍ തട്ടിപ്പ് ചെക്ക് കേസുകളെല്ലാം എറണാകുളം കോടതിയിലേക്ക് മാറ്റുന്നു. പ്രതികളുടെ ബേങ്ക് അക്കൗണ്ടുള്ള സ്ഥലത്തെ അധികാര പരിധിയിലുള്ള കോടതികളാണ് ചെക്ക് കേസുകള്‍ കേള്‍ക്കേണ്ടതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാറ്റം.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിതാ കേസ് പരിഗണിക്കവെ കേസ് മാറ്റാനുള്ള ഉത്തരവിറക്കിയത്. ഇതോടെ തലശ്ശേരിയിലെ ഡോക്ടര്‍മാര്‍ സരിതക്കും ബിജു രാധാകൃഷ്ണനും എതിരെ നല്‍കിയ അഞ്ച് ചെക്ക് കേസുകളും ഇനി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.
ചെക്ക് കേസുകള്‍ വിചാരണക്കെത്തിയ ഇന്നലെ സരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായില്ല. ഇതിനിടെ, ഇരുവരും പ്രതികളായ സോളാര്‍ ബില്‍ കേസന്വേഷിച്ച തളിപ്പറമ്പ് ഡി വൈ എസ് പി നല്‍കിയ കുറ്റപത്രം സ്വീകരിക്കാതിരുന്ന മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹരജിയില്‍ ജഡ്ജി വി ഷര്‍സി 26ന് വിധിപറയും. കേരളത്തിലെ എല്ലാ സോളാര്‍ കേസുകളും അന്വേഷിക്കാന്‍ മേല്‍നോട്ടം വഹിച്ച സംസ്ഥാന എ ഡി ജി പി യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തലശ്ശേരിയിലെ സോളാര്‍ തട്ടിപ്പ് കേസ് തളിപ്പറമ്പ് ഡി വൈ എസ് പി കെ സുദര്‍ശനന്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ തളിപ്പറമ്പ് ഡി വൈ എസ് പി ക്ക് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ അധികാരമില്ലെന്ന് അറിയിച്ചാണ് മജിസ്‌ട്രേറ്റ് എസ് സൂരജ് കുറ്റപത്രം തിരിച്ചയച്ചത്.

 

Latest