Connect with us

Gulf

നഗരസഭ വിദ്യാലയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നു

Published

|

Last Updated

ഫുജൈറ: വിദ്യാലയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതായി ഫുജൈറ നഗരസഭ വ്യക്തമാക്കി. വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞ് തുറക്കാന്‍ തയ്യാറെടുക്കവേയാണ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ ഉള്‍പ്പെടെ ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
വിദ്യാലയങ്ങളിലെ ജല സംഭരണികളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കായി ഫുഡ് കണ്‍ട്രോള്‍ ആന്‍ഡ് എന്‍വയണ്‍മെന്റ് റിസേര്‍ച്ച് സെന്ററില്‍ നല്‍കിയിട്ടുണ്ടെന്ന് നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഹെഡ് ഫാത്തിമ മക്‌സഹ് വെളിപ്പെടുത്തി.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ വര്‍ഷവും നിരവധി തവണ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താറുണ്ട്. ആരോഗ്യ വിഭാഗം നിശ്ചയിച്ച ഗുണനിലവാരം ഉറപ്പാക്കാനാണ് നടപടി. സംഭരണികളിലെ വെള്ളത്തിനൊപ്പം ഇതുമായി ബന്ധപ്പെട്ട ഫില്‍ട്ടറുകള്‍, വെള്ളം അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍, ജലം ശൂദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരവും നഗരസഭ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കാറുണ്ട്. പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയാല്‍ അതാത് വിദ്യാഭ്യാസ സോണുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് നല്‍കും. വെള്ളത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നത് ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് നല്‍കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാലയങ്ങളെ നഗരസഭ സഹായിക്കും. എല്ലാ മൂന്നു മാസങ്ങള്‍ക്കിടയിലും വിദ്യാലയങ്ങളുടെ അറ്റകുറ്റ പണിക്കായി കരാര്‍ ഒപ്പിടുന്നതായി ഫുജൈറ എജ്യുക്കേഷന്‍ സോണ്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്ദുല്‍ മജീദും വ്യക്തമാക്കി.

 

Latest