Connect with us

Malappuram

മലയാള സര്‍വകലാശാല അക്കാദമിക് മന്ദിരം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

തിരൂര്‍: മലയാളസര്‍വകലാശാല പുതുതായി പണികഴിച്ച അക്കാദമിക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കാട് അക്ഷരം ക്യാമ്പസില്‍ നിര്‍വഹിച്ചു.
മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതും ഭാഷക്ക് പിന്തുണനല്‍കുന്നതുമായ ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടതായി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചു കഴിഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സ്ഥാപിച്ച് മുന്നേറ്റത്തിന്റെ പാതയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു.
മലയാള സര്‍വകലാശാലയുടെ നാല് പുതിയ പ്രോജക്ടുകളുടെ ഉദ്ഘാടനം ചടങ്ങില്‍ സി മമ്മുട്ടി എം എല്‍ എ നിര്‍വഹിച്ചു. മലയാളസര്‍വകലാശാല രൂപകല്‍പന ചെയ്ത ലോഗോവിന്റെ പ്രകാശനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മലയാള സര്‍വകലാശാല പുതുതായി ആരംഭിച്ച കോഴ്‌സുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് നിര്‍വഹിച്ചു.
ഒമ്പത് എം എ കോഴ്‌സുകളുടെ 18 ക്ലാസ്മുറികള്‍, അധ്യാപകര്‍ക്കുള്ള മുറികള്‍, ഓഫീസുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവക്ക് പുറമെ 300 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍ ഉള്‍പ്പെടെയാണ് അക്കാദമിക് മന്ദിരം 2.30 കോടി രൂപ ചെലവില്‍ 23953 ചതുരശ്ര അടി കെട്ടിടമാണ് പണിതിട്ടുള്ളത്.
ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. അക്കാദമിക് മന്ദിരം ഒരുക്കിയത് സമയബന്ധിതമായി റിക്കാഡ് വേഗത്തിലാണ്. 2014 മെയ് 23ന് പണി ആരംഭിച്ച് 100 ദിവസം കൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്. 2013ലും അക്ഷരം കാമ്പസ് 100 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
അന്നുണ്ടാക്കിയ കെട്ടിടത്തിന്റെ പിന്‍ഭാഗത്തായാണ് പുതിയ കെട്ടിടങ്ങള്‍ പണിതത്. രണ്ട് തവണയും ഹിന്ദുസ്ഥാന്‍ പ്രീഫാബ് എന്ന പൊതുമേഖലാ സ്ഥാപനമാണ് കെട്ടിടം പണിപൂര്‍ത്തിയാക്കിയത്.