Connect with us

Ongoing News

തിരുവനന്തപുരം സ്ഥാനാര്‍ഥി വിവാദം എല്‍ ഡി എഫിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വ വിവാദം എല്‍ ഡി എഫിലേക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ സി പി ഐ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ ധാര്‍മിക പ്രശ്‌നം ഉയര്‍ത്തി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തുവന്നു. സി പി എമ്മിനും ഈ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പങ്കുണ്ടെന്ന പരോക്ഷ സൂചന നല്‍കുന്ന ബേബി മുന്നണിക്ക് ഇതില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് തുറന്ന് പറഞ്ഞു. എറണാകുളത്ത് മത്സരിച്ച സി പി എം സ്ഥാനാര്‍ഥിക്കെതിരെ സമാന ആരോപണം നിലനില്‍ക്കെയാണ് ബേബിയുടെ രംഗപ്രവേശം. കൊല്ലത്തെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ധാര്‍മിക പ്രശ്‌നം ഉയര്‍ത്തി എം എല്‍ എ പദവിയില്‍ നിന്നുള്ള രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ ശേഷമാണ് ബേബി വീണ്ടും ധാര്‍മിക പ്രശ്‌നം ഉയര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ മൗലികവും പ്രാഥമികവുമായ ഉത്തരവാദിത്വം അതത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്. എന്നാല്‍, ഓരോ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് കഴിഞ്ഞാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. മുന്നണി യോഗത്തില്‍ ഓരോ ഘടകകക്ഷികള്‍ക്കും സ്ഥാനാര്‍ഥികളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവസരമുണ്ട്. പ്രാഥമിക ഉത്തരവാദിത്വം സി പി ഐക്ക് തന്നെയാണെങ്കിലും മുന്നണിക്കും ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ബേബി പറഞ്ഞു. മുന്നണിക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നാണ് ബേബി പറയുന്നതെങ്കിലും സി പി എമ്മിനുള്ള ഉത്തരവാദിത്വം പറയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് സി പി ഐയുമായി സി പി എം ആശയവിനിമയം നടത്തിയിരുന്നുവെന്ന് ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
“സി പി ഐയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. അതേസമയം മുന്നണിയുടെ ഭാഗമായ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് സി പി എമ്മിനെ പോലൊരു പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. സി പി ഐ തീരുമാനമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ഞാനൊരുമ്പെടുന്നില്ല”.
ബെന്നറ്റ് എബ്രഹാം വളരെ ധര്‍മിഷ്ടനായ പ്രൊഫഷനലാണ്. എന്നാല്‍ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്ത് വരുമ്പോള്‍ എത്ര സത്യസന്ധനും സദ്ബുദ്ധിയുള്ളവനുമാണെങ്കിലും പേരുദോഷമുണ്ടാകുമെന്നത് കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു യാഥാര്‍ഥ്യമാണ്. താന്‍ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹവുമായി ആശയവിനിമയത്തിന് ഇടവന്നിട്ടുണ്ട്. മികച്ച ഭിഷഗ്വരനാണ്. തന്റെ സഭയുടെ പേരിലുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേതൃത്വപരമായ പങ്ക് അദ്ദേഹത്തിന് വഹിക്കേണ്ടിവന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും ബേബി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Latest