Connect with us

Gulf

ഊര്‍ജം ലാഭിക്കുന്ന ട്രാഫിക് വിളക്കുകളുമായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: ഊര്‍ജം ലാഭിക്കുന്ന ട്രാഫിക് സിഗ്നലുകളും വഴിവിളക്കുകളും വ്യാപകമാക്കുന്നതിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതായി ആര്‍ ടി എ സി ഇ ഒ എഞ്ചി. മൈത ബിന്‍ത് അദിയ്യ് അറിയിച്ചു.
വിളക്കുകള്‍ മുഴുവന്‍ ഹാലജന്‍ ബള്‍ബിന് വഴിമാറും. എല്‍ ഇ ഡി സാങ്കേതിക വിദ്യയിലുള്ള വിളക്കുകളാണ് ഉപയോഗിക്കുക. സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ വിളക്കുകളും സിഗ്നലുകളും സ്ഥാപിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാറ്റം.
ട്രാഫിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇതോടൊപ്പം ഉയര്‍ത്തും. വാഹന ഗതാഗതം ഏറെയുള്ള എമിറേറ്റ്‌സ് റോഡില്‍ ഉടന്‍ തന്നെ വിളക്കുകള്‍ മാറ്റും.
അറ്റകുറ്റപ്പണികള്‍ അധികം ആവശ്യമില്ലായെന്നതാണ് എല്‍ ഇ ഡി സാങ്കേതിക വിദ്യയുടെ ഗുണം. വൈദ്യുതോര്‍ജം കുറഞ്ഞ അളവില്‍ മതിയാകും. പ്രതിവര്‍ഷം ഒമ്പത് ലക്ഷം ദിര്‍ഹമാണ് ലാഭം പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 55 ശതമാനം മാത്രമെ എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് വൈദ്യുതി ആവശ്യം വരുന്നുള്ളു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുകയും ചെയ്യും
സാധാരണ വിളക്കു സംവിധാനങ്ങളെക്കാള്‍ കാര്യക്ഷമമായിരിക്കും പുതിയവ. സൂര്യപ്രകാശത്തില്‍ യാന്ത്രികമായിത്തന്നെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും. വാഹനമോടിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രകാശത്തിന്റെ പ്രതിഫലനം ഗുണം ചെയ്യുമെന്നും അപകടങ്ങള്‍ കുറയുമെന്നും മൈതാ ബിന്‍ത് അദിയ്യ് അറിയിച്ചു.

 

Latest