Connect with us

Malappuram

കരിപ്പൂരില്‍ പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് പകരം സംഘ് പരിവാര്‍ പ്രവര്‍ത്തകരെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ തൊഴിലെടുത്തിരുന്ന വര്‍ക്ക് പകരം സംഘ് പരിവാര്‍ പ്രവര്‍ത്തകരെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു. ലോഡിംഗ്, അണ്‍ ലോഡിംഗ് , ക്ലീനിംഗ് വിഭാഗങ്ങളില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന 220 കരാര്‍ തൊഴിലാളികളെയാണ് ഈയിടെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടത്. കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കുള്ളാര്‍ ഹോസ് പിറ്റാലിറ്റി കമ്പനി ഏറ്റെടുക്കുകയും ചെയ്തിരുന്നു. പുതിയ കരാര്‍ ഏജന്‍സി വന്നതോടെ വര്‍ഷങ്ങളായി വിമാനത്താവളത്തില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് .വിമാനത്താവളത്തിന് ഭൂമി വിട്ടു കൊടുക്കുമ്പള്‍ അവിദഗ്ധ മേഖലകളില്‍ തദ്ദേശീയര്‍ക്ക് നിയമനം നല്‍കുമെന്ന വിമാനത്താവള അതോറിറ്റിയുടെ വാഗ്ദാനവും ലംഘിക്കപ്പെടുകയാണുണ്ടായത് . പുതിയ കരാര്‍ ഏജന്‍സിയും എയര്‍ ഇന്ത്യയും തമ്മിലുള്ള കൂട്ട് കെട്ടാണ് നിലവിലുള്ള തൊഴിലാളികളെ പിരിച്ചു വിടാന്‍ കാരണമായത്. പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പകരം ആളെ നിയമിക്കുന്നതിന് ഇന്നലെ കോഴിക്കോട് വെച്ച് ഇന്റര്‍വ്യൂ നടക്കുകയുണ്ടായി. ഇതറിഞ്ഞ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ഇവിടേക്ക് മാര്‍ച്ച് നടത്തുകയും ഇന്റര്‍വ്യൂ തടസപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലെത്തിയതോടെ പോലീസെത്തി ഇന്റര്‍വ്യൂ തടഞ്ഞു.
പിരിച്ചു വിട്ട തദ്ദേശീയരായ തൊഴിലാളികള്‍ക്ക് പകരം സമീപ ജില്ലയില്‍ നിന്നുള്ള സംഘ് പരിവാര്‍ പ്രവര്‍ത്തകരെ നിയമിക്കാനുള്ള ഗൂഢ ശ്രമമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് കോണ്‍ ട്രാക്ട് വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായത്. ഇന്നലെ റമസാന്‍ മാസത്തെ വെള്ളിയാഴ്ച ജുമുഅ സമയത്ത് തന്നെയായിരുന്നു പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പകരം ആളെ എടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ നടത്തിയിരുന്നത്. മുസ്‌ലിംകള്‍ പള്ളിയില്‍ പോകുന്ന നേരമായതിനാല്‍ ഇന്റര്‍വ്യൂവിനെത്തില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ആളെ എടുക്കാനാവുമെന്നും കമ്പനിയും ഇന്റര്‍വ്യൂ ബോര്‍ഡും കണക്ക് കൂട്ടിയിരുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ചില ഉന്നത ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നിന്നിരുന്നു. ഏതായാലും പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളായ അഡ്വ :പി.ഇ മൂസ, എ മൊയ്തീന്‍ അലി ( എസ്ടി യു), കെ പി ബാലകൃഷ്ണന്‍( സി ഐ ടി യു), അഡ്വ. രാജന്‍, കെ കെ റഫീഖ് ( ഐ എന്‍ ടി യു സി )എന്നിവര്‍ പറഞ്ഞു. പിരിച്ചു വിട്ട തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം ആകുന്നതുവരെ ഇന്റര്‍വ്യൂ മാറ്റിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിയമ സഭയിലെ മറുപടിക്ക് വിരുദ്ധം കൂടിയായിരുന്നു ഇന്നലെ നടന്ന ഇന്റര്‍വ്യൂ. പ്രക്ഷോഭത്തിന്റെ മുന്നോടിയായി എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ ഇന്ത്യയുടെ വാഹനങ്ങള്‍ തടയും. തിങ്കളാഴ്ച തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ കുടുംബ സമേതം വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തും.

Latest