Connect with us

International

മുറിവ് തുന്നിക്കെട്ടാനുള്ള സാമഗ്രികള്‍ പോലുമില്ലാതെ ആശുപത്രികള്‍

Published

|

Last Updated

ജനീവ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് വാവിട്ട് നിലവിളിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വേദന ശമിപ്പിക്കാന്‍ പോലും അവശ്യ മരുന്നുകളും മറ്റ് മെഡിക്കല്‍ വസ്തുക്കളുമില്ലാതെ ഗാസ പ്രതിസന്ധിയില്‍. ആശുപത്രികളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവശ്യമായ എണ്ണ ലഭിക്കാത്തത് അടിയന്തര ശസ്ത്രക്രിയകള്‍ നടത്താനും ഐ സി യു പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ അവശ്യ ആരോഗ്യ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് നാല് കോടി ഡോളറും ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും അര്‍ബുദ രോഗികളെ ചികിത്സിക്കാന്‍ കിഴക്കന്‍ ജറൂസലമിലെ ആശുപത്രികള്‍ക്ക് നല്‍കാന്‍ വാങ്ങിയ കടം വീട്ടാന്‍ രണ്ട് കോടി ഡോളറും സംഭാവന നല്‍കാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ആരോഗ്യ രംഗത്തെ വര്‍ധിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അധിനിവിഷ്ട ഫലസ്തീനിലെ ആരോഗ്യ മന്ത്രാലയത്തിന് സാധിക്കുമോയെന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്പിലെ ഒരു ആശുപത്രിയും മൂന്ന് ക്ലിനിക്കുകളും കുടിവെള്ള ശുദ്ധീകരണ കേന്ദ്രവും തകര്‍ന്നിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ ഗാസയില്‍ ആശുപത്രികളില്‍ പത്ത് ദിവസത്തേക്കുള്ള എണ്ണ മാത്രമേയുള്ളൂ. ഈയടുത്ത മാസങ്ങളില്‍ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. കടം കാരണം മരുന്ന് മുന്‍കൂട്ടി സ്റ്റോക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 കോടി ഡോളറാണ് കടം. കഴിഞ്ഞയാഴ്ച മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ നടക്കുന്നില്ല. മുറിവ് തുന്നിക്കെട്ടാനുള്ള വസ്തുക്കള്‍ പോലും ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന് ശിഫാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. 24 മണിക്കൂറും ഡ്യൂട്ടിയിലാണ് ഇദ്ദേഹം. ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ ശക്തമായ ആക്രമണം നടത്തിയ 2008- 09, 2012 കാലങ്ങളിലെ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ലോകാരോഗ്യ സംഘടനാ മേഖലാ ഡയറക്ടര്‍ ഡോ. അല അല്‍വാന്‍ അറിയിച്ചു. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി വെസ്റ്റ് ബാങ്കില്‍ കൂടി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest