Connect with us

Kozhikode

കേരളത്തിനനുവദിച്ച എയിംസ് കോഴിക്കോട്ട് സ്ഥാപിക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിക്കാമെന്നറിയിച്ച എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കോഴിക്കോട്ട് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ പ്രദീപ് കുമാര്‍ എം എല്‍ എ, എം ഐ ഷാനവാസ് എം പിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ എന്നിവരാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
എയിംസിനായി മാവൂരിലെ ഗ്രാസിം ഭൂമിയോ അത് ലഭ്യമായില്ലെങ്കില്‍ കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമിയോ ഉപയോഗപ്പെടുത്താമെന്ന് പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡത്തിലും മലപ്പുറത്തെ ഏറനാട് നിയോജക മണ്ഡലത്തിലും ഉള്‍പ്പെട്ട അരിമ്പ്രക്കുന്നിലെ 500 ഏക്കര്‍ തരിശു ഭൂമി എയിംസിന് ഉപയോഗപ്പെടുത്താമെന്ന് മോയന്‍ കൊളക്കാടന്‍ പറഞ്ഞു.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ വനാതിര്‍ത്തിക്ക് പുറത്ത് 1977ന് മുമ്പ് ഭൂമി കൈവശം വച്ച് വരുന്നവരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കണമെന്ന് പുരുഷന്‍ കടലുണ്ടി എം എല്‍ എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസര്‍മാര്‍ നേരത്തെ നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നികുതി സ്വീകരിക്കാന്‍ തീരുമാനമാകുകയും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ വീണ്ടും നികുതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകണമെന്ന് പുരുഷന്‍ കടലുണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ കൊയിലാണ്ടി അവിടനല്ലൂര്‍ വില്ലേജില്‍ ഭൂരഹിതര്‍ക്ക് അനുവദിച്ച 3.20 ഏക്കര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ച് ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കയാണെന്നും ഇക്കാര്യത്തില്‍ അനുകൂലമായ കോടതിവിധി നേടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പുരുഷന്‍ കടലുണ്ടി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ കെ കെ ലതിക, വി എം ഉമ്മര്‍, പി ടി എ റഹീം, കെ കുഞ്ഞമ്മത്, കെ ദാസന്‍, ഇ കെ വിജയന്‍, എളമരം കരീം എം എല്‍ എയുടെ പ്രതിനിധി കെ സദാശിവന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest