Connect with us

Palakkad

ആരോഗ്യ മേഖല പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്: മഴക്കാലരോഗങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പാലക്കാട് ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധിയില്‍. ഡോക്ടര്‍മാരുടെ 88 ഒഴിവുകളുള്‍പ്പെടെ 486 ഒഴിവുകള്‍ നിലനില്‍ക്കുന്നത് ജില്ലയിലെ ആരോഗ്യമേഖലയെ ബാധിച്ചുതുടങ്ങി.
കരാര്‍ നിയമനത്തിനുപോലും ആവശ്യത്തിന് ആളെ കിട്ടാത്തതിനാല്‍ ജില്ലയില്‍ ആകെയുള്ള 384 ഡോക്ടര്‍മാരുടെ തസ്തികകളില്‍ 88 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ചിറ്റൂര്‍ താലുക്കാശുപത്രിയിലെ അത്യാഹിതവിഭാഗം കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു. ആലത്തൂര്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനത്തേയും ഡോക്ടര്‍മാരുടെ കുറവ് ബാധിച്ചിട്ടുണ്ട്. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരുടെ 40ഉം അറ്റന്‍ഡര്‍മാരുടെ 50ഉം ഒഴിവുകളുള്‍പ്പെടെ മൊത്തം 486 ഒഴിവുകള്‍ ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ പി എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍പോലും നിയമനം നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. അസിസ്റ്റന്റ്് സര്‍ജന്‍മാരുടെ സേവനമാണ് ഡോക്ടര്‍മാരുടെകുറവിന് ഒരുപരിധിവരെ പരിഹാരമാകുന്നത്. ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കാശുപത്രികളെ ഡോക്ടര്‍മാരുടെ കുറവും ജില്ലയിലെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അട്ടപ്പാടിമേഖലയില്‍ ഹെപ്പറ്റൈറ്റിസ് ബിയും കൊപ്പംമേഖലയില്‍ പകര്‍ച്ചപ്പനിയും പടരുന്നുണ്ട്. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായപ്രതിസന്ധി പരിഹരിക്കാന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് എം ബി രാജേഷ് എം പി കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.

ഡോക്ടര്‍മാരുടെ ഒഴിവ്
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ് ബിരുദവും ടി സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രായം 2014 ജനുവരി ഒന്നിന് 65 വയസ് കവിയരുത്.
പ്രതിമാസ ശമ്പളം 40000 രൂപ. യോഗ്യരായവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ടി സി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജില്ലാ ആശുപത്രിയിലെ എന്‍.—ആര്‍.—എച്ച്.—എം. ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ ജൂണ്‍ 24 ന് രാവിലെ 10 ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ : 0491 2504695.
മെഡിക്കല്‍ കിറ്റ്
വിതരണം ചെയ്തു
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കാരുണ്യ, സജ്ജീവനി എന്നീ സാന്ത്വനം യൂനിറ്റുകളിലെ 12 അംഗങ്ങള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണനാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിലെ ഡോ ഷീജ, ഗോപകുമാര്‍ എ ഡി എം സി എ മൊയ്തീന്‍, ബാബുരാജ് പ്രസംഗിച്ചു.