Connect with us

Editorial

ഗവര്‍ണര്‍ പദവിയെ കളങ്കപ്പെടുത്തരുത്

Published

|

Last Updated

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാനുള്ള തീരുമാനത്തിലാണ് എന്‍ ഡി എ സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍, ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബേനിവാള്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, ത്രിപുര ഗവര്‍ണര്‍ ദേവേന്ദ്ര കൊണ്‍വാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി എന്നിവരോട് രാജി വെച്ചൊഴിയാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഫോണ്‍ മുഖേന ആവശ്യപ്പെട്ടിരിക്കയാണ്. ഇവരില്‍ ഏതാനും പേര്‍ രാജിക്ക് സന്നദ്ധമായെങ്കിലും ഷീലാ ദീക്ഷിതും ശങ്കരനാരായണനും മാര്‍ഗരറ്റ് ആല്‍വയും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഗവര്‍ണര്‍മാരെ മാറ്റാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും ആഭ്യന്തര സെക്രട്ടറിയുടെ വാക്കാലുള്ള നിര്‍ദേശത്തിന്മേല്‍ രാജിവെക്കില്ലെന്നുമുള്ള നിലപാടിലാണ് മുവരും.
പരിമിതമായ അധികാരങ്ങളേയുള്ളുവെങ്കിലും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ സാങ്കേതികമായി സംസ്ഥാനങ്ങളുടെ പരമോന്നത നിര്‍വഹണാധികാരിയാണ് ഗവര്‍ണര്‍. ഭരണഘടനാ പദവിയായതിനാല്‍ നിയമിക്കാനെന്ന പോലെ നീക്കാനുള്ള അധികാരവും രാഷ്ട്രപതിക്കാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് 2010 മെയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷമാണ് ഗവര്‍ണര്‍മാരുടെ കാലാവധി. എന്നാല്‍ രാഷ്ട്രീയ താത്പര്യത്തിനതീതമായി നിഷ്പക്ഷതയോടെ കൈകാര്യം ചെയ്യേണ്ട ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ മാറ്റുന്ന പ്രവണത വര്‍ധിച്ചിരിക്കയാണ്. മിക്കവാറും കേന്ദ്രത്തില്‍ ഭരണം മാറുമ്പോള്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റുന്ന പതിവുണ്ട്. 2004 ല്‍ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ ബി ജെ പി നിയമിച്ച വിഷ്ണുകാന്ത് ശാസ്ത്രി (യു പി), കൈലാഷ്പതി മിശ്ര (ഗുജറാത്ത്), ബാബു പര്‍മണാനന്ദ് (ഹരിയാന) കേദാര്‍നാഥ് സാഹ്നി (ഗോവ) എന്നീ ഗവര്‍ണര്‍മാരെ നീക്കിയിരുന്നു. അന്ന് ബി ജെ പി ഈ നടപടിയെ ചോദ്യം ചെയ്യുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ആറ് ഗവര്‍ണര്‍മാരെ നീക്കം ചെയ്യാനുള്ള നീക്കത്തെ ചോദ്യം ചെയ്യാന്‍ ധാര്‍മികമായി കോണ്‍ഗ്രസിന് അവകാശമില്ല.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ബലവത്താക്കേണ്ട കണ്ണിയാണ് ഗവര്‍ണര്‍. രാഷ്ട്രീയ സ്വാധീനത്തിന് വിധേയനാകാതെ സംസ്ഥാന ജനതയുടെ പൊതു താത്പര്യത്തിനനുസൃതമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഈ നിലയിലേക്കുയരാനാകുകയുള്ളു. രാഷ്ടീയ മേഖലയിലെയും പൊതുരംഗത്തെയും സ്തുത്യര്‍ഹമായ സേവനം, അക്കാദമിക്, സാംസ്‌കാരിക രംഗങ്ങളിലെ മികവ് തുടങ്ങിയവയാണ് ഗവര്‍ണര്‍ പദവിക്ക് പരിഗണിക്കേണ്ട യോഗ്യതകളെങ്കിലും കേന്ദ്രത്തിലു,ം കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനത്തും മന്ത്രിമാരായി പരിഗണിക്കാന്‍ കഴിയാത്തവരെ കുടിയിരുത്താനുള്ള പദവിയായി ഇത് തരം താണിരിക്കയാണിന്ന്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഏജന്റുമാര്‍ എന്നതിനപ്പുറം നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കാകില്ല. കേന്ദ്ര സര്‍ക്കാറന്റേതില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കി കേന്ദ്രത്തിന് സംസ്ഥാന ഭരണത്തില്‍ ഇടപെടാനുള്ള അവസരമൊരുക്കുകയാണ് പലപ്പോഴും അവരുടെ ദൗത്യം. സംസ്ഥാനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി മാറുകയാണ് ഇതുവഴി ഗവര്‍ണര്‍ നിയമനവും അവരുടെ പ്രവര്‍ത്തന രീതിയും. കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനരീതിക്ക് ഇത് തടസ്സം സൃഷ്ടിക്കുകയും ഫെഡറലിസത്തെത്തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് അനന്തര ഫലം.
വിശ്വാസ്യത നഷ്ടമായതുള്‍പ്പെടെയുള്ള കാരണങ്ങള്‍ നിരത്തി കേന്ദ്ര മന്ത്രിസഭക്ക് ഗവര്‍ണറെ നീക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരിക്കെ ഗവര്‍ണര്‍മാരുടെ എതിര്‍പ്പ് മറികടന്നു അവരെ നീക്കം ചെയ്യാന്‍ സര്‍ക്കാറിന് പ്രയാസമില്ല. യോഗ്യത കൊണ്ടല്ല സോണിയാഗാന്ധിയുടെ താത്പര്യ പ്രകാരമാണ് യു പി എ ഗവര്‍ണര്‍മാരെ നിയമിച്ചതെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന ഇതിന്റെ മുന്നോടിയാണ്. ഭരണ ഘടനാ പരമായി ഉന്നതമായൊരു പദവി ഈ നിലയില്‍ രാഷ്ടീയ നേട്ടത്തിന് ഉപയോഗപ്പെടത്തുന്ന പ്രവണതക്ക് അറുതി വരുത്താന്‍ കൂട്ടായ ചര്‍ച്ചയിലൂടെ യോജിച്ച തീരുമാനം രൂപപ്പെടേണ്ടതുണ്ട്.

---- facebook comment plugin here -----

Latest