Connect with us

Ongoing News

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം: ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടു വന്നത് മനുഷ്യക്കടത്തായി കാണാന്‍ കഴിയില്ലെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. വിവാദങ്ങളുടെ പശ്ചാതലത്തില്‍ ചെയര്‍മാന്‍ പി സി ഇബ്രാഹിം മാസ്റ്ററുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. അനാഥാലയങ്ങളുടെ വീഴ്ച ഇന്ത്യന്‍ ശിക്ഷാ നിയമം 370ന്റെ പരിധിയില്‍ വരുന്നതല്ലെന്നും സംഭവം കൈകാര്യം ചെയ്തതില്‍ ഗുരുതര ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്നും കമ്മിറ്റി വിലയിരുത്തി.
പാലക്കാട് വന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കം മുസ്‌ലിം ഓര്‍ഫനേജിനും അന്‍വാറുല്‍ ഹുദാ ഓര്‍ഫനേജിനും കൈമാറിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ ചൂഷണത്തിനായി വ്യക്തികളെ കടത്തിക്കൊണ്ടു വരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 370ന്റെ പരിധിയില്‍ ഇത് പെടില്ല. ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിച്ച് വരുന്ന സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാത്രം തുടര്‍ നടപടികള്‍ കൈക്കൊണ്ടാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചു.
മതിയായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന വിവാദത്തില്‍ പല ഏജന്‍സികളും തെറ്റായ രീതിയിലാണ് ഇക്കാര്യം വ്യാഖ്യാനിച്ചിട്ടുള്ളത്. കുട്ടികളുടെ തിരിച്ചറിയല്‍ രേഖയോടൊപ്പമുള്ള ലിസ്റ്റ് ബന്ധപ്പെട്ട സര്‍ക്കാരിന്റെ ശിപാര്‍ശയോടു കൂടി സമര്‍പ്പിക്കുന്നതാണ് മതിയായ രേഖയായി നിലവില്‍ പരിഗണിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് 2013ല്‍ പുറത്തിറങ്ങിയ ഉത്തരവില്‍ ആശയവ്യക്തതയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ സാമൂഹ്യനീതി ഡയറക്ടര്‍ ഏപ്രില്‍ മാസം സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ച് അടിയന്തര ഉത്തരവ് ഉണ്ടാകണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ ഉത്തരവിന് അനുസൃതമായി മാത്രം തുടര്‍ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
അന്വേഷണത്തിന്റെ പേരില്‍ കുട്ടികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടിയില്‍ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജയിലുകളിലെ കുറ്റവാളികളെപ്പോലും വൈകുന്നേരം ആറ് കഴിഞ്ഞ് സ്ഥാനങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന നിയമമുള്ളപ്പോള്‍ കുട്ടികളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ മണിക്കൂറുകളുടെ ഇടവേളയില്‍ പാലക്കാട് നിന്നും മലപ്പുറത്തേക്കും അവിടെ നിന്ന് തൃശൂരിലേക്കും തിരികെ അഞ്ച് അനാഥാലയങ്ങളിലേക്കും മാറ്റിയ നടപടി അംഗീകരിക്കാവുന്നതല്ല. മൂന്ന് ദിവസം റെയില്‍വേയില്‍ മതിയായ രേഖകളില്ലാതെ മനുഷ്യത്വ രഹിതമായി കുട്ടികളെ കൊണ്ടുവന്നതില്‍ റെയില്‍വേ അധികാരികളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയും ഗുരുതരമായിട്ടുള്ളതാണ്. ഇക്കാര്യം ഐ പി സി 370ന്റെ പരിധിയില്‍ പെടുന്നതാണോ എന്നകാര്യം ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണം.
അനാഥാലയങ്ങളുടെ പരിശോധനയും നിയന്ത്രങ്ങളും ശക്തമാക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കും കീഴ്ജീവനക്കാര്‍ക്കും അധികാരം നല്‍കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രപ്പോസല്‍ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി പരിശോധിക്കണമെന്നും ഇത് സംബന്ധിച്ച് അവശ്യ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. എം എല്‍ എമാരായ ഡൊമിനിക് പ്രസന്റേഷന്‍, പി ടി എ റഹീം, ഫാ. കുര്യാക്കോസ് മൂലയില്‍, അനീന ജോസഫ്, അഡ്വ. തുളസി, വിനീത തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.