Connect with us

Idukki

ക്യാന്‍സര്‍ രോഗികളുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റ് ചെയര്‍മാന്‍ അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നടത്തുന്ന ട്രസ്റ്റിന്‍െ പണം സമാഹരണത്തിനായി ഗാനമേള നടത്തിയ സംഘത്തിനും സ്റ്റേജ് മൈക്ക്‌സെറ്റുകാര്‍ക്കും പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ട്രസ്റ്റ് ചെയര്‍മാനെ പോലീസ് അറസ്റ്റു ചെയ്തു. ക്യാന്‍സര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ധനശേഖരണാര്‍ഥം നടത്തിയ ഗാനമേളക്ക് പണം നല്‍കാതെ കബിളിപ്പിച്ചതിനാണ് ഷൈല ക്യാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അയ്യപ്പന്‍കോവില്‍ ഈഴോര്‍വയലില്‍ ബിജു വിശ്വനാഥനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പ് ക്യാന്‍സര്‍ രോഗം മൂലം മരിച്ച ഭാര്യയുടെ ഓര്‍മക്കായാണ് ട്രസ്റ്റ് ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇയാളെ നാട്ടുകാര്‍ സഹായിച്ചിരുന്നു. എന്നാല്‍ കാരുണ്യപ്രവൃത്തിയല്ല സാമ്പത്തികനേട്ടമാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ ട്രസ്റ്റില്‍ നിന്ന് പിന്മാറി. എന്നാല്‍ ബിജു വിശ്വനാഥന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു. ഒന്നാം വാര്‍ഷികവും ആഡംബരപൂര്‍വം നടത്തിയ ചെയര്‍മാന്‍ രണ്ടാം വാര്‍ഷികം കൂടുതല്‍ ആഘോഷമാക്കി. ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം കായംകുളം ബാബുവിന്റെ ഗാനമേളയും മൂവാറ്റുപുഴ സ്വരലയ കമ്മ്യൂണിക്കേഷന്റെ ഗാനമേളയും പൊതുയോഗവുമാണ് സംഘടിപ്പിച്ചത്. പരിപാടികള്‍ കഴിഞ്ഞപ്പോള്‍ പണമില്ലെന്നറിയിച്ചതോടെ ഗാനമേളക്കാര്‍ ബഹളം കൂട്ടുകയും ബിജു വിശ്വനാഥനെ തടഞ്ഞ് വെക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11 മണിക്കാരംഭിച്ച പ്രശ്‌നം ഇന്നലെ ഉച്ചക്ക് 12 മണിയോടെ പോലീസ് കേസ് എടുത്തശേഷമാണ് അവസാനിപ്പിച്ചത്.

Latest