Connect with us

Eranakulam

കാലിന് പകരം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കൊച്ചി: കാലിലെ ചെറിയ മുഴ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ ആറ് വയസ്സുകാരനെ മൂത്രനാളിയിലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണം നടത്തിയ അഡീഷനല്‍ ഡി എം ഒ. ഡോ.ജയശ്രീയുടെ റിപ്പോര്‍ട്ട് പ്രകാരം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. തസീന്‍ ജെ റസൂലിനെയാണ് ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡെപ്യൂട്ടി ഡി എം ഒ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിരുന്നു.
മൂവാറ്റുപുഴ രണ്ടാര്‍ കാച്ചിയാനിക്കല്‍ എബി- സിനി ദമ്പതികളുടെ മകന്‍ ശ്രീശാന്ത്(ആറ്) ആണ് ഡോക്ടറുടെ ചികില്‍സാ പിഴവിനു ഇരയായത്്. വലതുകാലിന് നീരുവന്നു നടക്കാന്‍ വയ്യാതെയായ കുട്ടിയെ ഈ മാസം 23നാണ്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഡോ. തെഹ്‌സൂല്‍ ജെ റസൂലിനെ കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. 24 ന് രാവിലെ ഓപറേഷന്‍ തിയറ്ററില്‍ കയറ്റിയ കുട്ടിക്ക് അനസ്‌തേഷ്യ നല്‍കി ഡോക്ടര്‍ ജനനേന്ദ്രിത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഓപറേഷന്‍ കഴിഞ്ഞു മാതാപിതാക്കള്‍ കുട്ടിയെ കാണാനെത്തിയപ്പോഴാണ് കുട്ടിയുടെ കാലിന് പകരം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയത് കണ്ടത്. അബദ്ധം മനസ്സിലാക്കിയപ്പോള്‍ ഡോക്ടര്‍ കുട്ടിയുടെ കാലിലെ മുഴയും ശസ്ത്രക്രിയ ചെയ്ത് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ മൂവാറ്റുപുഴ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ ചികില്‍സാ ചാര്‍ട്ടില്‍ മൂത്ര തടസ്സമുണ്ടെന്ന് എഴുതി ചേര്‍ത്തതായി മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ ചെലവിലാണു കുട്ടിയെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കു മാറ്റിയത്്. കുട്ടി അപകടനില തരണം ചെയ്തു.

Latest