Connect with us

Editorial

ജനമൈത്രി കാലത്തെ കസ്റ്റഡി മരണങ്ങള്‍

Published

|

Last Updated

ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തെക്കുറിച്ചു ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് പോലീസ് പരാതി പരിഹാര സമിതി ചെയര്‍മാന്‍ ശിപാര്‍ശ ചെയ്തതോടെ സംഭവം ആത്മഹത്യയല്ലെന്ന സന്ദേഹം ബലപ്പെട്ടിരിക്കയാണ്. മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത എടപ്പാള്‍ മാണൂര്‍ കോട്ടുകാട്ടില്‍ പരേതനായ സൈനുദ്ദീന്റെ മകള്‍ ഹനീഷ എന്ന 23കാരിയെയാണ് ഈ മാസം 24ന് പുലര്‍ച്ചെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അവര്‍ക്ക് കാവലിരുന്ന വനിതാ പോലീസ് പുലര്‍ച്ചെ മൂത്രപ്പുരയില്‍ കയറിയ സമയത്ത് ഹനീഷ വനിതാ സെല്ലിന് മുന്നിലുള്ള ഹാളില്‍ രണ്ട് ബെഞ്ചുകള്‍ കൂട്ടിയിട്ട് അതില്‍ കസേര കയറ്റി വെച്ചു സ്വന്തം ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചു ഫാനില്‍ തൂങ്ങുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
കഴിഞ്ഞ മാസം 19ന് ബസില്‍ യാത്ര ചെയ്യവെ, പടിഞ്ഞാറങ്ങാടി സ്വദേശിനിയുടെ ബാഗില്‍നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങളും എ ടി എം കാര്‍ഡും കവര്‍ന്ന സംഭവത്തിലെ പ്രതിയെന്ന സംശയത്തിലാണ് ഈ മാസം 23ന് ഹനീഷയെ കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി അവരെ സ്റ്റേഷനില്‍ താമസിപ്പിച്ചത് അറസ്റ്റ് രേഖപ്പെടുത്താതെയാണെന്നത് പോലീസിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. കുറ്റിപ്പുറം എസ് ഐ ചട്ടംലംഘിച്ചു അന്ന് രാത്രിയില്‍ ചങ്ങരംകുളം സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതും ദുരൂഹതയുണര്‍ത്തുന്നുണ്ട്. ഹനീഷയുടെ മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് മഫ്തിയിലാണ് ഇയാള്‍ സ്‌റ്റേഷനിലെത്തിയത്. ഹനീഷയെ കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്ന് എസ് ഐ വി ഹരിദാസടക്കം ചങ്ങരംകുളം സ്റ്റേഷനിലെ ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും തൃശൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തിവരികയും ചെയ്യുന്നുണ്ട്. ഈ അന്വേഷണം തൃപ്തികരമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന് വിടണമെന്ന പോലീസ് പരാതി പരിഹാര സമിതി ചെയര്‍മാന്റെ ശിപാര്‍ശ നല്‍കുന്ന വ്യക്തമായ സൂചന. രണ്ട് മാസം മുമ്പ് ഇതേ സ്‌റ്റേഷനില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കുറ്റിപ്പാല സ്വദേശി മോഹനന്‍ മരിച്ചിരുന്നു. പ്രസ്തുത സംഭവവും െ്രെകം ബ്രാഞ്ച് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശയിലുണ്ട്.
രാജ്യത്ത് പോലീസ് കസ്റ്റഡി, ജയില്‍ മരണനിരക്ക് വര്‍ധിച്ചു വരികയാണെന്നാണ് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കുകളും കാണിക്കുന്നത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും കേരളത്തിലും ഇടക്കിടെ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മൂന്നാം മുറ പ്രയോഗത്തിനിടെയാണ് പലപ്പോഴും കസ്റ്റഡിയിലുള്ള പ്രതികള്‍ മരിക്കുന്നത്. സ്ത്രീകള്‍ ബലാത്സംഗവുമായി ബന്ധപ്പെട്ടും കൊല്ലപ്പെടാറുണ്ട്. സ്വാഭാവിക മരണമോ ആത്മഹത്യയോ ആയി രേഖപ്പെടുത്തി പോലീസുകാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. പോലീസ് പീഡനത്തെ തുടര്‍ന്നാണ് ഹനീഷയുടെ മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ആത്മഹത്യയെന്നത് പോലീസിന്റെ തിരക്കഥയാണെന്നും സത്യാവസ്ഥ പുറത്തു വരാന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സേനയെ കാലത്തിനനുസരിച്ചു പരിവര്‍ത്തനപ്പെടുത്താന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യക്കാര്‍ക്കെതിരെ ബ്രിട്ടീഷ് പോലീസ് നടപ്പാക്കിയ മൂന്നാം മുറ പ്രയോഗം രാജ്യത്ത് ഇന്നും അതേപടി തുടരുകയാണെന്നാണ് ഇതുസംബന്ധിച്ചു അടിക്കടി പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. കസ്റ്റഡി, ജയില്‍ മരണങ്ങളും പീഡനവും തടയാനായി കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പൊലീസ് സ്‌റ്റേഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക, സ്‌റ്റേഷനിലെ എല്ലാ മുറികളും അതിന്റെ നിരീക്ഷണത്തിലായിരിക്കുക, സി സി ടി വി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുക, എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കുക, സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികളൊന്നും ഒരു സര്‍ക്കാറും ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി എട്ട് ഉത്തരവുകളിറക്കിയിട്ടുണ്ട്. എല്ലാം അവഗണിക്കപ്പെടുകയായിരുന്നു. കുറ്റകരമായ ഈ ഉദാസീനതക്കെതിരെ നിയമപീഠങ്ങളും മനുഷ്യാവകാശ സംഘടനകളും ശക്തമായി രംഗത്തു വരേണ്ടതുണ്ട്.

Latest