Connect with us

International

അഫ്ഗാനില്‍ എ പിയുടെ ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വിദേശ പത്രപ്രവര്‍ത്തക കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് അസോസിയേറ്റ് പ്രസ് (എ പി) വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫറായ ആന്‍ജ നീഡ്രിംഗ്‌ഹോസ് (48) കൊല്ലപ്പെട്ടത്. എ പിയുടെ റിപ്പോര്‍ട്ടറും ആന്‍ജയുടെ സഹപ്രവര്‍ത്തകയുമായ കാത്തി ഗാന്നണ്‍ പരുക്കുകളോടെ ചികിത്സയിലാണ്.
പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ഖേസ്ത് നഗരത്തിന് സമീപമാണ് സംഭവം. ഇന്ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി താലിബാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സുരക്ഷ ശക്തമാക്കിക്കൊണ്ടിരിക്കെയാണ് ആക്രമണം. കൊല്ലപ്പെട്ട ആന്‍ജ ജര്‍മന്‍കാരിയാണ്. കനേഡിയന്‍ പൗരയാണ് പരുക്കേറ്റ ഗാനണ്‍. നാറ്റോ സൈനികരുടെ പിന്മാറലിന് ശേഷം നടക്കുന്ന ചരിത്ര പ്രധാന്യമുള്ള ഈ തിരഞ്ഞെടുപ്പ് പൂര്‍ണമായും അക്രമരഹിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. എന്നാല്‍, തിരഞ്ഞെടപ്പ് അട്ടിമറിക്കാന്‍ താലിബാന്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പത്രപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം നടന്നത്. കാറിന്റെ ഡോറിന് മേല്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ അടയാളങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് ബാലറ്റുകള്‍ ഖോസ്ത് ജില്ലയിലെ ടാനെയിലേക്ക് കൊണ്ടുപോകുന്നതിനിടക്കാണ് ആക്രമണം. സുരക്ഷാ കോമ്പൗണ്ടിലേക്ക് കടക്കാനായി കാത്തിരിക്കുന്നതിനിടെ പോലീസ് കമാന്‍ഡറുടെ വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. അസോസിയേറ്റ് പ്രസിന്റെ ഭീകര ദിനമാണ് ഇതെന്ന് ജോണ്‍ തോര്‍ ധാല്‍ബര്‍ഗ് ബ്രസസില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. സംഭവത്തില്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ഖേദം രേഖപ്പെടുത്തി. പോലീസിന്റെ ഭഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായിട്ടാണ് ഇതിനെ കാണുന്നത്. പോലീസിന്റെ തെറ്റായ കണക്ക് കൂട്ടലാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സിദ്ദിഖ് സിദ്ദീഖി പറഞ്ഞു. ഹഖാനി തീവ്രവാദ വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ് അതിര്‍ത്തി പ്രദേശം. അവരുടെ ആക്രമണത്തെ കുറിച്ചുള്ള ജാഗ്രതയാവാം അപകടത്തിന് നിമിത്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001 മുതല്‍ അഫ്ഗാന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഹാമിദ് കര്‍സായിയുടെ ഈ തിരഞ്ഞെടുപ്പോടെ പുറത്തിരിക്കേണ്ടിവരും. മൂന്നാം ഘട്ടം തിരഞ്ഞെടുക്കപ്പെടുന്ന ഭരണാഘടനാപരമായി വിലക്കിയതിനാലാണ് കര്‍സായി പുറത്തിരിക്കേണ്ടിവരുന്നത്.
എട്ട് സ്ഥാനാര്‍ഥികളാണ് അടുത്ത അഫ്ഗാന്‍ പ്രസിഡന്റിനായി ജനവിധി തേടുന്നത്. ഇവരില്‍ മുന്‍ വിദേശകാര്യ മന്ത്രിമാരായ അബ്ദുല്ല അബ്ദുല്ല, സല്‍മായി റസൂല്‍, മുന്‍ ധനകാര്യ മന്ത്രി അശ്‌റഫ് ഘാനി അഹ്മ്മദ്‌സായി എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

Latest