Connect with us

Ongoing News

കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല: പത്ത് കമ്പനി കേന്ദ്രസേന കൂടി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. പുറത്തുനിന്ന് 45 കമ്പനി സേനയെത്തിയിട്ടുണ്ട്. 10 കമ്പനി കൂടി എത്താനാണ് സാധ്യത. കേരളത്തില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്ന മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തീവ്രവാദ ഭീഷണിയുള്ള പ്രദേശങ്ങള്‍ കേരളത്തിലില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളിലെ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി 1752 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ 26,032 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18,561 കേസുകള്‍ പെന്‍ഡിംഗിലാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 86 അക്രമസംഭവങ്ങളാണുണ്ടായത്. ഇതില്‍ 57 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ല.
അക്രമസംഭവങ്ങളില്‍ 1.9 5 ലക്ഷത്തിന്റെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലയളവില്‍ നാല് പീഡനക്കേസുകളാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോളിംഗ് സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രശ്‌ന ബാധിത ബൂത്തുകള്‍ ഏതൊക്കെയെന്ന് ഓരോ ദിവസവും വിലയിരുത്തി വരികയാണ്. കൃത്യമായ എണ്ണം ഈ മാസം ഏഴിന് ചേരുന്ന യോഗത്തിനുശേഷം പ്രസിദ്ധപ്പെടുത്തും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെച്ചതിന്റെ പേരില്‍ ഒമ്പതു കേസുകളും ലൈസന്‍സില്ലാതെ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിന്റെ പേരില്‍ 50 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അനധികൃത ആയുധ നിര്‍മാണശാലകളില്‍ റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുത്ത 242 സംഭവങ്ങളാണുണ്ടായത്. സംസ്ഥാനത്ത് 8651 ലൈസന്‍സുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വോട്ടര്‍ പ്പട്ടിക കൂടുതല്‍ സുതാര്യമാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിന് നൂറ് ശതമാനം ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങള്‍ക്കിടയില്‍ ബോധവത്കരിക്കുന്നതിന് നാഷനല്‍ ലിറ്ററസി മിഷനുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സാക്ഷരത അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനെക്കുറിച്ച് കോളജ് തലത്തില്‍ ബോധവത്കരണം നടത്തും.
വോട്ടര്‍മാര്‍ കുറവുള്ള ബൂത്തുകള്‍ കണ്ടെത്തി കാരണം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്തുന്നതില്‍ ബാഹ്യ ഇടപെടലൊഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Latest