Connect with us

Editors Pick

സഹോദരങ്ങളെ വിജയിപ്പിക്കാന്‍ ബ്രിജീഷും സഹീറും നാട്ടിലേക്ക്

Published

|

Last Updated

മസ്‌കത്ത്: കേരളത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാചരണങ്ങള്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ രണ്ടു പാര്‍ലിമെന്റ് മണ്ഡലങ്ങളിലെ സി പി എം സ്ഥാനാര്‍ഥികളുടെ സഹോദരങ്ങള്‍ ആരവങ്ങളിലലിയാന്‍ കൊതിച്ച് ഒമാനില്‍. പാലക്കാട് സ്ഥാനാര്‍ഥി എം ബി രാജേഷ് എം പിയുടെ സഹോദരന്‍ ബ്രിജീഷും വടകര സ്ഥാനാര്‍ഥി എ എന്‍ ശംസീറിന്റെ സഹോദരന്‍ സഹീറുമാണ് ഒമാനിലുള്ളത്. സഹീര്‍ ഏപ്രില്‍ രണ്ടിനും ബ്രിജീഷ് മൂന്നിനും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലേക്കു പോകും.
സി പി എമ്മിന്റെ രണ്ടു യുവ സ്ഥനാര്‍ഥികള്‍ക്കുള്ള ഏറെ സമാനതകളിലൊന്നാണ് രണ്ടു പേരുടെയും സഹോദരങ്ങള്‍ ഒമാനിനാണെന്നത്. ഇരുവരും സ്വന്തം ബിസിനസുകാരാണ്. ഇരുവര്‍ക്കും സ്ഥാനാര്‍ഥി സഹോദരന്‍ കൂടാതെ ഓരോ സഹോദരിമാര്‍. മസ്‌കത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹീര്‍ ശംസീറിന്റെ ജേഷ്ഠ സഹോദരനാണ്. സലാലയിലുള്ള ബ്രിജീഷ് രാജേഷിന്റെ അനുജനും. ഇരുവരും ഇവിടെ കുടുംബ സമേതം ജീവിക്കുന്നു. ബ്രിജീഷ് നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ചുമതലകളിമുണ്ടായിരുന്നു. സഹീര്‍ പാര്‍ട്ടിയുടെ സ്ഥാനങ്ങളിലുണ്ടായിട്ടില്ല. എന്നാല്‍ കറ കളഞ്ഞ പാര്‍ട്ടി കുടുംബമാണ്.
സിറ്റിംഗ് എം പി കൂടിയായ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷിനെ ഇത്തവണ മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം പി വീരേന്ദ്രകുമാറാണ് നേരിടുന്നതെന്നത് മത്സരം കടുത്തതാക്കുന്നു. എങ്കിലും വിജയപ്രതീക്ഷയാണുള്ളതെന്നും നല്ല പ്രവര്‍ത്തനത്തിന്റെ വിവിരങ്ങളാണ് നാട്ടില്‍നിന്നു ലഭിക്കുന്നതെന്നും ബ്രിജീഷ് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള തറവാട്ടില്‍ രാജേഷാണ് പഠന കാലത്തെ എസ് എഫ് ഐ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നിലപാടു മാറ്റി മറിച്ചത്. എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും പാര്‍ട്ടിയിലും ഉയരങ്ങളിലെത്തിയ രാജേഷ് എകണോമിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയും അഭിഭാഷകനുണ്. മൂന്നിന് താന്‍ നാട്ടിലെത്തിയാല്‍ പ്രധാനമായും ബന്ധുക്കള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതിനാണ് ശ്രദ്ധിക്കുകയെന്നും ഷൊര്‍ണൂര്‍ ചളവറ കയിലിയാട് സ്വദേശിയായ ബ്രിജേഷ് പറഞ്ഞു. രാജേഷ് ഇപ്പോള്‍ പാലക്കാടാണ് താമസിക്കുന്നത്. അച്ഛനും അമ്മയും തറവാട്ടിലും രാജേഷിന്റെ വീട്ടിലും മാറി മാറി താമസിക്കും. സഹോദരി ഷൊര്‍ണൂരിലാണ്.
സഹീറും ശംസീറും തലശ്ശേരിയില്‍ തറവാട്ടു വീട്ടില്‍ ഒന്നിച്ചാണ് താമസിക്കുന്നത്. തലശ്ശേരിയിലെ മുസ്‌ലിം കമ്യൂണിസ്റ്റ് കുടുംബങ്ങളിലൊന്നാണ് ഇവരുടെത്. ഫിലോസഫിയില്‍ ബിരുദവും ആന്ത്രോപോളജിയില്‍ മാസ്റ്റര്‍ ബിരുദം, എല്‍ എല്‍ ബി, എല്‍ എല്‍ എം യോഗ്യതകള്‍ നേടിയ ശംസീര്‍ കണ്ണൂരില്‍ ഏറെ സമര പോരാട്ടങ്ങളിലൂടെയാണ് വളര്‍ന്നു വന്നതെന്ന് സഹീര്‍ പറയുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ആദ്യ വിദ്യാര്‍ഥി യൂനിയിന്‍ ചെയര്‍മാനായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, സി പി എം ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. വടകരയില്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടാണ് മത്സരം. ടി പി ചന്ദ്രശേഖരന്റെ മണ്ഡലമമെന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
AN Shahirതലശ്ശേരി കലാപ കാലത്ത് തീവെക്കപ്പെട്ട വീടായിരുന്നു തങ്ങളുടെതെന്ന് സഹീര്‍ പറഞ്ഞു. ഉമ്മ മക്കളെയും കൂട്ടി രക്ഷപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് രക്ഷക്കെത്തിയത്. കേരളത്തിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികൂടിയായ ശംസീര്‍ കനത്ത മത്സരം നേരിന്നുണ്ടെങ്കിലും ജയിക്കുമെന്ന് സഹീര്‍ പറഞ്ഞു. രാഷ്ട്രീയവും പ്രവര്‍ത്തനവുമാണ് ശംസീറിന് തുണയാവുക. ശംസീറിന് വോട്ടു തേടുന്നതിന്റെ ഭാഗമായി മസ്‌കത്തില്‍ സംഗമം സംഘടിപ്പിച്ചിരുന്നു. രണ്ടിന് നാട്ടില്‍ പോയി പ്രചാരണം നടത്തും. ശംസീര്‍ മണ്ഡലത്തിനു പുറത്തു നിന്നു വന്നയാളാണെന്നു വരെ പ്രചാരണം നടന്നിരുന്നു. യു ഡി എഫിനെ സംരക്ഷിക്കുന്നതിനു വേണ്ടി ആര്‍ എം പി ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുന്നതിനിടയില്‍ നിന്നു വേണം ശംസീറിനു ജയിച്ചു വരാനെന്നും അല്‍ ഖുവൈറില്‍ കുടുംബ സമേതം വസിക്കുന്ന സഹീര്‍ പറഞ്ഞു.

Latest