Connect with us

International

കാണാതായ വിമാനത്തിന്റെ 122 ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മലേഷ്യ

Published

|

Last Updated

കോലാലാംപൂര്‍: കാണാതായ എം എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നതായി മലേഷ്യ അറിയിച്ചു. തെരച്ചിലില്‍ വിമാനത്തിന്റെതെന്ന് കരുതുന്ന 122 അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് മലേഷ്യ അറിയിച്ചു. ഫ്രാന്‍സ് മാര്‍ച്ച് 23ന് എടുത്ത സാറ്റലൈറ്റ് വിവരങ്ങളിലാണ് പുതിയ ചിത്രങ്ങളുള്ളതെന്ന് മലേഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ആസ്‌ത്രേലിയയിലെ തുറമുഖനരഗമായ പെര്‍ത്തില്‍ നിന്നും 2500ലധികം കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചിട്ടുണ്ടെന്ന് മലേഷ്യ അറിയിച്ചു.

മാര്‍ച്ച് എട്ടിനാണ് ബീജിംഗിലേക്കുപോയ മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കാണാതായ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു എന്ന് വിമാനം കാണാതായി 16 ദിവത്തിനുശേഷം മലേഷ്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലേഷ്യയുടെ സ്ഥിരീകരണത്തിനിടയിലും ഒരു പാട് സംശയങ്ങള്‍ ബാക്കിയായിരുന്നു. ബീജിംഗിലേക്ക് പോയ വിമാനം എതിര്‍ദിശയിലേക്ക് പോയതിനെപ്പറ്റി മലേഷ്യ വിശദീകരണം നല്‍കിയിരുന്നില്ല. വിമാനം തകര്‍ന്നു വീണു എന്നതിന് മലേഷ്യയുടെ പക്കല്‍ എന്തു തെളിവാണുള്ളതെന്നും ആ തെളിവ് വെളിപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.