Connect with us

Ongoing News

ഇടതു പക്ഷ മതേതര ബദലില്‍ പ്രതീക്ഷ

Published

|

Last Updated

സജി
മസ്‌കത്ത്

സമീപ കാലം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതി നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എക്കും രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്കു നയിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിക്കും നടുവില്‍ ഇടതു മതേതര ബദലിലാണ് പ്രതീക്ഷ. ദേശീയ രാഷ്ട്രീയത്തില്‍ ജനം മതേതര ബദലിനു ആഗ്രഹിക്കുന്നുണ്ട്. ഈ രാഷ്ട്രീയ സൂചനകളാണ് പൊതുവായി ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിനു വിധി പറഞ്ഞ ജനങ്ങളുടെ അഭിപ്രായം ഇത് ശരിവെക്കുന്നുണ്ട്. 29 ശതമാനം മാത്രം വോട്ടുകള്‍ കോണ്‍ഗ്രസ് മുന്നണിക്കും 19 ശതമാനം മാത്രം വോട്ടുകള്‍ ബി ജെ പി മുന്നണിക്കും നല്‍കാനാണ് അവര്‍ സന്നദ്ധമായത്. ശേഷിക്കുന്ന 52 ശതമാനം വോട്ടുകള്‍ ഈ രണ്ടു മുന്നണികള്‍ക്കും എതിരായിരുന്നു എന്നതാണ് ഒരു മൂന്നാം ബദലിന്റെ പ്രസക്തി അറിയിക്കുന്നത്. ഈ ഭൂരിപക്ഷജനം കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ ഒരു രാഷ്ട്രീയത്തെ അന്വേഷിക്കുന്നു എന്നതാണ് വസ്തുത. ഈ ജന വിഭാഗങ്ങളുടെ പ്രതീക്ഷയായി ഉയരന്‍ ഇടതുപക്ഷത്തിനു കഴിയേണ്ടതുണ്ട്.
1989ലും 1996ലും കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ മൂന്നാം ബദലിനെയാണ് ജനം പരീക്ഷിച്ചത്. അന്ന് ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് ഇടതുപക്ഷമായിരുന്നു. വലിയ അഴിമതികള്‍ തടഞ്ഞു നിര്‍ത്താന്‍ ഈ സര്‍ക്കാറുകള്‍ക്കായി എന്നത് ചരിത്രമാണ്. ഇടതുപക്ഷത്തിന് ഒരു പങ്കാളിത്തവും സ്വാധീനവുമില്ലാത്ത നിലവിലെ യു പി എ സര്‍ക്കാറിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ നടന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അഴിമതിക്കും വര്‍ഗീയതുക്കുമെതിരായി ഇടതുപക്ഷം പുലര്‍ത്തുന്ന ജാഗ്രത തന്നെയാണ് ഇന്ത്യ അന്വേഷിക്കുന്ന രാഷ്ട്രീയം. രൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്തു നേരിടുന്നത്. ഇതു തടയുന്നതില്‍ യു പി എ സര്‍ക്കാര്‍ തികഞ്ഞ പരാജയം നേരിട്ടു.
അഴിമതിയും വിലക്കയറ്റവും യു പി എ സര്‍ക്കാറിനെ ജനം തോല്‍പിക്കും എന്നു തിരിച്ചറിഞ്ഞ് പ്രാദേശിക കക്ഷികളെല്ലാം മുന്നണിയെ കയ്യൊഴിയുകയാണ്. 16 പാര്‍ട്ടികളുണ്ടായിരുന്ന യു പി എയില്‍ ഇപ്പോല്‍ മൂന്നു പാര്‍ട്ടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. വര്‍ഗീയ അജന്‍ഡകള്‍ക്ക് രാജ്യത്തെ രക്ഷിക്കാനികില്ലെന്ന തിരിച്ചറിവില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയെയും പ്രാദേശിക പാര്‍ട്ടികള്‍ ഒഴിവാക്കുന്നു. അവര്‍ക്കൊപ്പവും ഇപ്പോള്‍ ശിവസേനയുള്‍പെടെ ഏതാനും തീവ്ര വര്‍ഗീയ പാര്‍ട്ടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂന്ന് പ്രബല ഇടതു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണക്കുന്ന മൂന്നാം മുന്നണി ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുമെന്ന പ്രതീക്ഷകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്.
ദേശീയ രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കുന്ന സന്ദേശം തികച്ചും വിപരീത ദിശയിലുള്ളതാണ്. ഇവിടെ യു ഡി എഫ് സര്‍ക്കാറും സൗരോര്‍ജ പ്രശ്‌നവും മറ്റു പ്രാദേശിക വിഷയങ്ങളിലും ദേശീയ തരിഞ്ഞെടുപ്പ് തളച്ചിടപ്പെടുകയാണ്. വളരെ അപകടകരമായ പ്രവണതയാണിത്. ദേശീയ രാഷ്ട്രീയവും രാഷ്ട്രത്തിന്റെ ഭാവിയും വിലയിരുത്തി ഇടതു മതേതര ബദല്‍ എന്ന പ്രതീക്ഷക്കൊപ്പം ജനം ചിന്തിക്കണം.

Latest