Connect with us

Palakkad

ജില്ലയില്‍ ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ വേനല്‍മഴ ലഭിക്കാത്തത് ചൂടിന്റെയും കുടിവെള്ളക്ഷാമത്തിന്റെയും കാഠിന്യം വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്.
പാലക്കാടിന് പുറമേ തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, കാസര്‍കോഡ് ജില്ലകളിലും കനത്ത ചൂടും രൂക്ഷമായ കുടിവെള്ളക്ഷാമവുമാണ് വരാനിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ട വേനല്‍മഴ പോലും ഇത്തവണ ലഭിച്ചില്ല. ഫെബ്രുവരിയില്‍ ലഭിക്കേണ്ട 10.4 മില്ലിമീറ്റര്‍ മഴയുടെ സ്ഥാനത്ത് 4.7 മില്ലീമിറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്ത് ആകെ ഇരുപത് മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇക്കാലയളവില്‍ ന്യൂനമര്‍ദം രൂപംകൊണ്ടെങ്കിലും ശക്തിയുണ്ടാകാതിരുന്നതുമൂലം മഴ പെയ്തില്ല. ഇതുമൂലമാണ് പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ പെയ്യാതിരുന്നത്. ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ ഉണ്ടാകാറുള്ള ന്യൂനമര്‍ദ പാത്തിയാണ് കേരളത്തിനു മഴ സമ്മാനിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിക്കുന്ന കാലഘട്ടം ഡിസംബര്‍ മുതല്‍ ഫെബ്രുവരി പകുതി വരെയാണ്. എന്നാല്‍ മഴ ഇത്രയും കുറയുന്നത് സാധാരണമല്ല. വരുംദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇതോടെ അന്തരീക്ഷത്തില്‍ ജല ഈര്‍പ്പത്തിന്റെ തോത് ക്രമാതീതമായി കുറയുകയും ചെയ്യും. വേനല്‍മഴ ലഭിക്കാത്തത് വേനലിന്റെയും വെള്ളക്ഷാമത്തിന്റെയും തോത് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ജലസംഭരണികള്‍ വറ്റിത്തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് കുടിവെള്ളത്തിന് പ്രധാന അത്താണിയാകുന്ന ഭാരതപുഴ ഇതിനകം തന്നെ വറ്റിവരണ്ടു. വരാനിരിക്കുന്നത് കൊടിയ വേനലിന്റെ കാഠിന്യവും അനുഭവപ്പെട്ട് തുടങ്ങി.