Connect with us

Palakkad

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നില്ല: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: എല്ലാ വിഭാഗങ്ങളിലും സര്‍ക്കാരിനെതിരായ വികാരം ഉണ്ടാകുന്നത് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാലക്കാട്ട് കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് മെച്ചപ്പെട്ട സേവനമാണ്.
ഉദ്യോഗസ്ഥരാണ് ആ സേവനം നല്‍കേണ്ടത്. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിനെതിരായ വികാരം ഉണ്ടാവില്ല. രാജ്യത്തെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണെങ്കിലും അത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരാണ് നിര്‍ണായക പങ്ക് വഹിക്കുന്നത്. “രണരംഗത്ത് സുതാര്യത സൃഷ്ടിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. അവരത് ചെയ്യണം.
അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും അവയോട് സഹകരിക്കാത്തത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി.
റേഷന്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും അത് വാങ്ങുന്നില്ല. പൊതുജീവിതത്തിലേക്ക് ആദിവാസികളെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പോലെ കേരള സിവില്‍ സര്‍വീസ് സ്ഥാപിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സര്‍വീസ് സംഘടനകള്‍ അതിനെതിര് നില്‍ക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യത്തിന് മലയാളി ഐ എ എസുകാരില്ലാത്തതിനാല്‍ മൂന്നും നാലും വകുപ്പുകളാണ് ഐ എ എസുകാര്‍ കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ പല നടപടികളിലും കാലതാമസം ഉണ്ടാകുന്നതായും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. ശാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രി എ പി അനില്‍കുമാര്‍, എം എല്‍ എമാരായ വി ടി ബല്‍റാം, അഡ്വ. എന്‍ ശംസുദീന്‍, എം ഹംസ, നഗരസഭാ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പങ്കെടുത്തു.

Latest