Connect with us

Editorial

തുടര്‍ക്കഥയാകുന്ന കപ്പല്‍ ദുരന്തം

Published

|

Last Updated

ഇന്ത്യന്‍ നാവിക സേനക്കിത് ദുരന്തങ്ങളുടെ കാലമോ? കഴിഞ്ഞ ഏഴ് മാസത്തിനിടെ നാവിക വ്യൂഹവുമായി ബന്ധപ്പെട്ട പത്താമത്തെയും അന്തര്‍വാഹിനികള്‍ക്കുണ്ടായ മുന്നാമത്തെയും അപകടമാണ് ബുധനാഴ്ച ഐ എന്‍ എസ് സിന്ധുരത്‌ന അന്തര്‍വാഹിനിക്ക് സംഭവിച്ചത്. കടലില്‍ പരിശീലനം നടത്തവേ മുംബൈ തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ വെച്ചുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ മരിക്കുകയും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 94 സൈനികോദ്യോഗസ്ഥരില്‍ മറ്റുള്ളവരെയെല്ലാം രക്ഷിച്ചപ്പോള്‍, രണ്ട് പേര്‍ അടച്ചിട്ട ക്യാബിനില്‍ അകപ്പെടുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് ശ്വാസം മുട്ടി മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. ബാറ്ററി മുറിയിലെ ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ആഗസ്റ്റ് 13ന് കൊളാബയിലെ നാവികസേനാ ഡോക്‌യാഡില്‍ അന്തര്‍വാഹിനിയായ സിന്ധുരക്ഷകിലുണ്ടായ അഗ്നിബാധയില്‍ മുന്ന് മലയാളികള്‍ ഉള്‍പ്പെടെ 18 സേനാംഗങ്ങള്‍ മരിച്ചിരുന്നു. അകത്തുണ്ടായിരുന്ന ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് റഷ്യന്‍ നിര്‍മിത മുങ്ങിക്കപ്പല്‍ പൂര്‍ണമായും കത്തി കടലില്‍ താഴ്ന്നു പോയത്. 1997ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയ കപ്പല്‍ 450 കോടി രൂപ മുടക്കി നവീകരിച്ച ഉടനെയായിരുന്നു അപകടം. റഷ്യയിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. യാദൃച്ഛികമെന്നു പറയാം, അറ്റകുറ്റപ്പണികള്‍ക്കു ശേഷം പരീക്ഷണയാത്രക്കിടെയാണ് കഴിഞ്ഞ ദിവസം സിന്ധുരത്‌നയും അപകടത്തില്‍പ്പെട്ടത്. കപ്പല്‍വേധ മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്നതും നൂതന സംവിധാനങ്ങളടങ്ങിയതുമായ സിന്ധുരക്ഷകിന്റെ തകര്‍ച്ച നാവിക സേനക്ക് കനത്ത ആഘാതമായിരുന്നു.

സിന്ധുരക്ഷകിലെ പൊട്ടിത്തറിക്ക് തൊട്ടുപിന്നാലെയാണ് ഐ എന്‍ എസ് ബേത്വ അപകടത്തില്‍പ്പെട്ടത്. സമുദ്രത്തിനടിയിലെ ഏതോ വസ്തുവില്‍ തട്ടിയായിരുന്നു അപകടം. തുടരെത്തുടരെ ഉണ്ടാകുന്ന കപ്പല്‍ ദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെക്കുകയും എല്ലാ അപകടങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതിരോധ മേഖലക്ക് വിശിഷ്യാ നാവിക വിഭാഗത്തിന് ഇവ വരുത്തി വെച്ച കളങ്കം മായ്ച്ചു കളയാന്‍ ഇതുകൊണ്ടാകുമോ? വലിപ്പത്തില്‍ ലോകത്ത് നാലാം സ്ഥാനമുള്ള ഇന്ത്യന്‍ നാവിക സേന, കരുത്തിലും മികവിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നുവെന്നവകാശപ്പെടുമ്പോഴാണ് ദുരന്തങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി സംഭവിക്കുന്നത്. കാര്യക്ഷമമായ അന്വേഷണങ്ങളിലൂടെ ഇതിന്റെ പിന്നാമ്പുറമെന്തെന്ന് കണ്ടെത്തുന്നതില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് കുറ്റകരമായ അനാസ്ഥയുണ്ട്. ആഗസ്റ്റിലുണ്ടായ സിന്ധുരക്ഷക് അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ നാലാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രാലയം ഉറപ്പ് നല്‍കിയിരുന്നത്. ഏഴ് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
നാവിക ഭൂപടത്തില്‍ ഏഷ്യാ പസിഫിക് മേഖലയുടെ പ്രാധാന്യം പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ആഗോള സുരക്ഷാ സംവിധാനങ്ങളിലുണ്ടായ മാറ്റവും കടല്‍ വഴിയുള്ള വ്യാപാര സാധ്യതകളും കണക്കിലെടുത്ത് ചൈനയോടൊപ്പം ഇന്ത്യയും കുടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളും സ്വന്തമാക്കാനുള്ള ശ്രമത്തിലുമാണ്. ഇരുപത് വര്‍ഷത്തിനകം ചൈനയും ഇന്ത്യയും പുതിയ നൂറ് കപ്പലുകള്‍ വീതം വാങ്ങുമെന്നാണ് ആഗോള കപ്പല്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ വിലയിരുത്തല്‍. നിലവില്‍ 136 യുദ്ധക്കപ്പലുകളുള്ള നാവിക സേന പുതിയ കപ്പലുകള്‍ വാങ്ങുന്നതിന് വിവിധ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടു വരികയുമാണ്. പ്രതിരോധ മേഖലക്ക് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കഥകളാണ് ഈ നീക്കങ്ങളുടെ ഗതിവേഗം കുറച്ചത്. ഈ വിധം നാവിക സേനയെ കൂടുതല്‍ സുശക്തമാക്കാന്‍ രാജ്യം നടപടികള്‍ കൈക്കൊള്ളുമ്പോള്‍ കപ്പല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് അശുഭകരമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തി ഇതാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

Latest